tar
നിർമ്മാണം നടക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിലേക്ക് നാട്ടുകാർ മാർച്ച് നടത്തുന്നു

എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ തയ്യൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്ലാന്റിലേക്ക് മാർച്ച് നടത്തി. വേലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ടാർ മിക്‌സിംഗ് പ്ലാന്റ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. അമ്പതിലധികം കുടുംബങ്ങളാണ് പ്ലാന്റിന് സമീപം താമസിക്കുന്നത്.

പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്ലാന്റിന് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ പ്ലാന്റുടമകൾ ഇതൊന്നും വകവയ്ക്കാതെ നിർമ്മാണം തുടരുകയാണ്. ഏകജാലകം വഴി വ്യവസായ വകുപ്പിൽ നിന്നും അനുമതി നേടിയിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്. പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കായി വലിയ വാഹനങ്ങൾ കടത്തിവിടുന്നതിന് റോഡിന്റെ വശങ്ങളിലുള്ള പൊതു കാനയും തോടും നികത്തിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഭാരമേറിയ വാഹനങ്ങൾ പോകുന്നതുമൂലം റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം കാൽനടയാത്രയും വാഹന ഗതാഗതവും ദുസ്സഹമായിരിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. ജനകീയ സമിതിയുടെ നേതൃത്വത്തിൻ നാട്ടുകാർ ടാർ മിക്‌സിംഗ് പ്ലാന്റിലേക്ക് മാർച്ച് നടത്തി.

തുടർന്ന് നടന്ന ധർണ്ണ പരിസ്ഥിതി പ്രവർത്തകനായ കെ.ടി. ബെന്നി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഡെയ്‌സി ഡേവിസ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കല്ല്യാണി എസ്. നായർ, കെ. ജയശങ്കർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം കുരിയാക്കോസ് ജോൺ, നേതാക്കളായ ഫ്രാൻസിസ് പാത്രാമംഗലം, മണികണ്ഠൻ കോട്ടപ്പടിക്കൽ, രവീന്ദ്രൻ അമ്പലക്കാട്ട്, പി.ആർ. വേലുക്കുട്ടി എന്നിവർ സംസാരിച്ചു.

ആരോപണങ്ങൾ ഇവ

ടാർ മിക്സിംഗ് യൂണിറ്റ് വേലൂരിലെ അഞ്ചാം വാർഡിൽ

പ്ലാന്റിന് സമീപം താമസിക്കുന്നത് 50 കുടുംബങ്ങൾ

പ്ലാന്റ് പ്രവർത്തനം പഞ്ചായത്ത് അനുമതിയില്ലാതെ

വ്യവസായ വകുപ്പിന്റെ അനുമതിയുണ്ടെന്ന് ഉടമകൾ

പ്ലാന്റിനായി പൊതുകാനയും തോടും നികത്തിയെന്ന്