ചാവക്കാട്: മൂന്ന് ദിവസമായി പെയ്ത ശക്തമായ മഴയ്ക്ക് ശമനം ലഭിച്ചതോടെ തീരദേശ മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ചാവക്കാട് മേഖലയിലെ വെള്ളക്കെട്ട് പലയിടത്തും ഒഴിഞ്ഞു തുടങ്ങി. റോഡിൽ നിന്നും വെള്ളം ഒഴിഞ്ഞതോടെ താറുമാറായ ഗതാഗതം പഴയ നിലയിലായി.
തിങ്കളാഴ്ച രാത്രി വരെ നിറുത്താതെ പെയ്ത മഴയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒട്ടുമിക്ക റോഡുകളും വെള്ളത്തിന് അടിയിലായിരുന്നു. ഒഴുകിപ്പോകാൻ കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതായിരുന്നു വെള്ളക്കെട്ടിന് പ്രധാന കാരണം. പല സ്ഥലത്തും വെള്ളം ഒഴുകിപ്പോകാനുള്ള തോടുകൾ നികത്തിയതും മണ്ണ് നിറഞ്ഞ് കിടന്ന കാനകൾ വൃത്തിയാക്കാതിരുന്നതും വെള്ളക്കെട്ടിന് കാരണമായി.
എനാമാവ് റോഡ്, എം.ആർ.ആർ.എം സ്‌കൂൾ, ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളം ഉയർന്നു. കൂടാതെ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിലായിരുന്നു. എന്നാൽ പുന്ന, പേരകം, മല്ലാട്, പാലയുർ, അകലാട്, കുരഞ്ഞിയുർ എന്നീ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നുണ്ട്.