തൃശൂർ: ദൈവം തമ്പുരാൻ പറഞ്ഞാലും നിയമം തെറ്റിക്കാൻ താൻ കൂട്ടുനിൽക്കില്ലെന്ന് ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ സർവകലാശാലയിലും മാർക്ക് ദാനം നടത്താറുണ്ട്. നിയമം അനുസരിച്ചുള്ള മാർക്ക് മാത്രമാണ് നൽകുന്നത്. ഒരു വിഷയത്തിന് മാത്രം പരാജയപ്പെട്ടാൽ അഞ്ചു മാർക്ക് നൽകാനുള്ള നിയമം ഉണ്ട്. അത് ഒരു പ്രശ്നവും കൂടാതെ നൽകിവരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ പ്രവർത്തനം പ്രശംസനീയമാണ്.

കഴിഞ്ഞ അഞ്ചു വർഷമായി ഇതുവരെ തന്നെ ഫോണിൽ വിളിക്കുകയോ എന്തെങ്കിലും സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് വല്ല ആവശ്യവുമുണ്ടെങ്കിൽ മന്ത്രി, പി.വി.സിയെയാണ് വിളിക്കുന്നത്. നിയമം അനുസരിച്ചുള്ള കാര്യമാണെങ്കിൽ അത് ചെയ്തു കൊടുക്കും. വകുപ്പ് മന്ത്രിമാർ വി.സിയെ ഫോണിൽ വിളിക്കുന്നതും സമ്മർദ്ദം ചെലുത്തുന്നതുമൊക്കെ മോശമായാണ് താൻ കാണുന്നത്. നിയമം അനുസരിച്ച് പ്രവർത്തിച്ചതു കൊണ്ടാണ് ഒരു വിവാദത്തിലും ആരോഗ്യ സർവകലാശാല ഉൾപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു. 25ന് ആരോഗ്യ സർവകലാശാലയിൽ നടക്കുന്ന പ്രിൻസിപ്പൽമാരുടെ യോഗവുമായി ബന്ധപ്പെട്ടുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.