നവംബറിലെ റേഷൻ വിതരണം താറുമാറായേക്കും
തൃശൂർ: ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യം വിതരണം ചെയ്തുവെന്ന ആരോപണം വിവാദമായതിന് പിന്നാലെ അടുത്ത മാസം റേഷൻകടകൾ വഴി വിതരണം ചെയ്യേണ്ട 45,000 ടൺ ഭക്ഷ്യധാന്യം എഫ്.സി.ഐയിൽ കെട്ടിക്കിടക്കുന്നു. എഫ്.സി.ഐയുടെ മുളങ്കുന്നത്ത്കാവ് ഗോഡൗണിലാണ്
ഗോതമ്പ്, അരി എന്നിവ കെട്ടിക്കിടക്കുന്നത്. ഇതോടെ നവംബർ മാസത്തിൽ റേഷൻ വിതരണം നിലയ്ക്കാൻ സാദ്ധ്യതയേറി. ഗുണനിലവാരത്തെ സംബന്ധിച്ച് ഉയർന്ന വിവാദമാണ് ചരക്ക് നീക്കത്തിന് വിലങ്ങുതടിയായത്. പ്രശ്നപരിഹാരത്തിന് അധികൃതരുടെ ഇടപെടലില്ലാത്തതും പ്രശ്നം രൂക്ഷമാക്കി.
ഇത്തവണ ഭക്ഷ്യധാന്യം സിവിൽ സ്‌പ്ലൈസ് വകുപ്പ് സ്വീകരിച്ചില്ലെങ്കിൽ ഇത് നഷ്ടമാകുമെന്ന് എഫ്.സി.ഐ അധികൃതർ പറയുന്നു. അടുത്ത മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഓരോ മാസവും പത്താം തിയതിക്ക് ശേഷമാണ് നടക്കുന്നത്. എന്നാൽ പന്ത്രണ്ട് ദിവസമായിട്ടും ഒരു ലോഡ് ഭക്ഷ്യധാന്യം പോലും ഇവിടെ നിന്ന് കൊണ്ടുപോയിട്ടില്ല.
ചരക്ക് നീക്കം നിലച്ചതോടെ എഫ്.സി.ഐയിലെ 102 കയറ്റിറക്ക് തൊഴിലാളികൾക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. ഇവർക്ക് മിനിമം വേതനം ലഭിക്കുമെങ്കിലും ഓരോ ചാക്ക് കയറ്റുമ്പോൾ ലഭിക്കുന്ന തുക കിട്ടില്ല. ഈ മാസം ആദ്യം മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗണിൽ നിന്നും കുരിയച്ചിറ വെയർഹൗസ് ഗോഡൗണിലെത്തിയ അഞ്ചു ലോഡ് ഗോതമ്പ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഗോതമ്പിന്റെ ഗുണനിലവാരം മോശമായതിനാൽ ചുമട്ട് തൊഴിലാളികളുടെ എതിർപ്പ് മൂലം കുരിയച്ചിറയിൽ ഒരു ലോഡ് മാത്രമേ ഇറക്കാനായുള്ളൂ. ബാക്കി നാലു ലോഡും വേലൂരിലേക്ക് കൊണ്ട് പോയി. സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണർ കെ.വി മോഹൻകുമാറും ജില്ലാ കളക്ടർ എസ്. ഷാനവാസും പരിശോധന നടത്തി.
സപ്ലൈകോ വിജിലൻസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തി നൽകിയ റിപ്പോർട്ടും ക്വാളിറ്റി കൺേട്രാളർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് തിരിച്ചയക്കുന്നത്. .
പരിശോധനയ്ക്കെടുത്ത സാമ്പിൾ ഭക്ഷ്യയോഗ്യം
കാക്കനാട്ടെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യധാന്യ യോഗ്യമല്ലെന്ന് കണ്ടെത്തിയ ഗോതമ്പ് പരിശോധനാ റിപ്പോർട്ട് ലഭിച്ചു. കഴിഞ്ഞ 16 -ാം തിയതിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ചത്.
ഭക്ഷ്യധാന്യ വിതരണം സുഗമമാക്കണം
എഫ്.സി.ഐയിൽ നിന്നുള്ള ചരക്ക് നീക്കം സുഗമമാക്കാൻ നടപടി സ്വീകരിക്കണം
മുളങ്കുന്നത്ത്കാവ് എഫ്.സി.ഐ യൂണിറ്റ് സെക്രട്ടറി (ഐ.എൻ.ടി.യു.സി)
കെ.എ രാജൻ, കെ.സി ബാബു (ബി.എം.എസ്)
സ്വകാര്യ മില്ലുടമകളുടെ കളി !
എഫ്.സി.ഐയിൽ നിന്നെടുക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ചരക്കുനീക്കം സ്വകാര്യകരാറുകാരുടെ നേതൃത്വത്തിലാണ്. ഇവർ വ്യാപകമായി മായം ചേർക്കുന്നെന്ന ആരോപണമുണ്ട്. റേഷൻ കടകളിലേക്ക് ഇവയെത്തുന്നതിന് കാലതാമസമുണ്ടായാൽ ഇത്തരം മായം ചേർക്കലുകൾക്കും തിരിമറികൾക്കും സാദ്ധ്യതയേറുമെന്നാണ് ആരോപണം. പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇപ്പോളുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ ഈ ലോബികളാണെന്നും സംശയിക്കുന്നുണ്ട്.