തൃശൂർ : മഴ കഴിയുന്ന മുറയ്ക്ക് കുതിരാൻ ദേശീയപാതയിലെ ടാറിംഗ് നടപടികൾ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. തുലാവർഷക്കെടുതികൾ പ്രതിരോധിക്കുന്നതിനായി കൈക്കൊണ്ട മുൻകരുതലുകൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുതിരാനിലെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയും ടാറിംഗിനായി 2 കോടി 80 ലക്ഷം രൂപയുമാണ് അനുവദിച്ച് കിട്ടിയത്. ഇതിനുള്ള കരാർ ഒരു കമ്പനിയുമായി ഒപ്പുവച്ചു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ ടാറിംഗ് തുടങ്ങിയെങ്കിലും മഴ മൂലം മാറ്റിവയ്ക്കുകയാണുണ്ടായത്. മഴ മാറിയാൽ അറ്റകുറ്റപണികളും ടാറിംഗും ഉടൻ തുടങ്ങുമെന്നും കളക്ടർ പറഞ്ഞു.

കെ.എൽ.ഡി.സിയുടെ അനുമതിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 71 സ്ലൂയിസുകൾ നിർമ്മിക്കും. ഇതിനായി പതിമൂന്നര കോടിരൂപയുടെ പദ്ധതി സമർപ്പിച്ചു കഴിഞ്ഞു. കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ വികാസ് യോജനയിൽ ഉൾപ്പെടുത്തി 10 കോടി രൂപയുടെ പദ്ധതിയും കോൾ കനാലുകളുടെ വികസനത്തിന് തയ്യാറാകുന്നുണ്ട്. ഇങ്ങനെ കനാലുകളുടെ വീതിയും ആഴവും കൂട്ടിയാൽ പ്രളയജലത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.