ചാലക്കുടി: പ്രളയവും ഇടയ്ക്കിടെയുള്ള അതിവർഷവും കുറ്റിക്കാട് ചങ്കൻകുറ്റിയിലെ ഷാജിയുടെ ഇളനീർ കൃഷിയെ കണ്ണീരിലാഴ്ത്തുന്നു. പടമാട്ടുമ്മൽ ജോസഫ് ഷാജിയെന്ന 43 കാരന്റെ ഇളനീർക്കൃഷിയാണ് കുഴപ്പത്തിലായത്.
അതിമധുരവും ആവശ്യത്തിലേറെ വെള്ളവും നൽകുന്ന മലേഷ്യൻ സന്നങ്കി കരിക്കുകൾ അഞ്ചു വർഷമായി ജൈവ വളം ഉപയോഗിച്ച് മൂന്നരയേക്കറിലാണ് കൃഷി ചെയ്യുന്നത്. എട്ടു മുതൽ പത്ത് വരെ അടി ഉയരമുള്ളതാണ് ഓരോ തെങ്ങുകളും. മഹാപ്രളയത്തിൽ തോട്ടത്തിന് മുകളിലൂടെ രണ്ട് ദിവസം ഒഴുകിയ മലവെള്ളത്തിൽ രാസപദാർത്ഥമടങ്ങിയ ചളി തെങ്ങുകളെ ആകെപ്പൊതിഞ്ഞു. വളർച്ച മുരടിച്ചതോടെ, മച്ചിങ്ങ അടക്കമുള്ള സർവവിളകളും പിഴുതെറിഞ്ഞ് മണ്ടകൾ ശുദ്ധീകരിക്കാതെ നിവൃത്തിയില്ലെന്നായി. ഇതോടെ തെങ്ങുകളുടെ എണ്ണം മുന്നൂറിൽ നിന്നും ഇരുന്നൂറ്റിയമ്പതിലേക്ക് കുറഞ്ഞു. തുടർന്ന് പാർശ്വഫലങ്ങൾ തലപൊക്കി. കൊമ്പൻചെല്ലിയുടെ ആഗമനം മറ്റൊരു പ്രതിബന്ധമായി. പുകയില കഷായത്താൽ ഇവയെ തുരത്താൻ തുടങ്ങി. ഇളനീരിന്റെ എണ്ണവും വെള്ളത്തിന്റെ അളവും കുറഞ്ഞത് മറ്റൊരു തിരിച്ചടിയായി. രുചിയിലും വ്യത്യാസം സംഭവിച്ചു. പിന്നാലെയെത്തി മണ്ഡരിബാധ. ഇവയെ തുരത്താനുള്ള തീവ്രശ്രമത്തിലാണ് ഷാജിയും ഒപ്പമുള്ള ജോലിക്കാരും. ഇതിനിടെ പലതവണയായി തോട്ടത്തിലേക്ക് മലവെളളമെത്തി. കപ്പത്തോട് കര കവിയുന്നതോടെ, ഇവിടേക്ക് വെള്ളം ഇരച്ചെത്തും. ചെള്ളുകളുടെ ആക്രമണവും തോട്ടത്തിന് മറ്റൊരു വെല്ലുവിളിയാണ്. രണ്ട് ദിവസം ഇടവിട്ട് ചെള്ളുകളെ കണ്ടെത്തി സംഹരിക്കലും ഇപ്പോഴത്തെ ദൈനംദിന ജോലിയാണ്. ആദ്യമെല്ലാം മുപ്പതോളം കുലകൾ പറിച്ചെടുക്കുന്ന സ്ഥാനത്ത്, ഇപ്പോഴത് പതിനഞ്ചായി. ആഴ്ചയിലെ വിൽപ്പനയും നേർപകുതിയായി. ലാഭത്തിൽ ഗണ്യമായ കുറവ് സംഭവിച്ചെങ്കിലും ശുദ്ധമായ ഇളനീർ നാട്ടുകാർക്ക് കൊടുക്കാൻ കഴിയുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഷാജി. മലേഷ്യൻ സന്നങ്കിക്കു പുറമെ ചെന്തെങ്ങുമുണ്ട് തോട്ടത്തിൽ. പതിനഞ്ച് വർഷമാണ് ഇവയുടെ ആയുസ്. തൈനട്ടാൽ രണ്ട് വർഷത്തിനകം കായ്ച്ചു തുടങ്ങും.