gvr-prathi-theliveduppu
കൈപ്പമംഗലത്തെ പെട്രോൾ പമ്പുടമയെ വധിച്ച കേസിലെ പ്രതികളെ ഗുരുവായൂരിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ

ഗുരുവായൂർ: മരിച്ചിട്ടില്ലെന്ന് കരുതിയാണ് തങ്ങൾ മനോഹരനെ എൽ.എഫ് കോളേജിന് സമീപമുള്ള കെട്ടിടത്തിനരികെ ഉപേക്ഷിച്ചതെന്ന് പ്രതികൾ. കയ്പ്പമംഗലത്തെ പെട്രോൾ പമ്പുടമയെ വധിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി ഗുരുവായൂരിൽ കൊണ്ടുവന്നപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. മനോഹരൻ മരിച്ചിട്ടില്ലെന്നും, ആരെങ്കിലും ആശുപത്രിയിലെത്തിച്ചാൽ രക്ഷപ്പെടുത്താനാകുമെന്നും ചിന്തിച്ചാണ് ആളുകൾ ഉള്ള പ്രദേശത്ത് കിടത്തി രക്ഷപ്പെട്ടത്. കേസിലെ പ്രതികളായ ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), വഴിയമ്പലം കുറ്റിക്കാടൻ സ്റ്റിയോ (20), കയ്പമംഗലം കുന്നത്ത് അൻസാർ (21) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

അൻസാറിനെ മാത്രമാണ് മൃതദേഹം കിടന്ന സ്ഥലത്ത് തെളിവെടുപ്പിനായി ഇറക്കിയത്. സ്റ്റിയോയാണ് കാർ ഓടിച്ചിരുന്നതെന്നും അനസും താനും ചേർന്നാണ് മനോഹരനെ ഇറക്കി കിടത്തിയതെന്നും വിശദീകരിച്ചു. മറ്റ് രണ്ട് പ്രതികളെയും ജീപ്പിലിരുത്തിയതേയുള്ളൂ. ഉച്ചയ്ക്ക് 12 ഓടെയാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഏകദേശം അര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. ഡിവൈ.എസ്.പി ഫേമസ് വർഗീസ്, ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ, കയ്പ്പമംഗലം എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐമാരായ പി.ജെ. ഫ്രാൻസിസ്, ജലീൽ മാരാത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളുമായെത്തിയത്. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു.