ഗുരുവായൂർ: ദേവസ്വത്തിലെ കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്‌ക് കാണാതായ സംഭവത്തിൽ അന്വേഷണത്തിൽ സഹകരിക്കാതെ ദേവസ്വം. ഹാർഡ് ഡിസ്‌ക് കാണാതായതായി പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ പൊലീസുമായി ദേവസ്വം സഹകരിക്കുന്നില്ല. ദേവസ്വത്തിലെ ഇമെയിൽ വിവാദത്തിന് തുമ്പായേക്കുമെന്ന് സംശയിക്കുന്ന ഹാർഡ് ഡിസ്‌കാണ് മുങ്ങിയത്. ഹാർഡ് ഡിസ്ക് മോഷണം പോയെന്നാണ് അഡ്മിനിസ്ട്രേറ്റർ ടെമ്പിൾ സി.ഐക്ക് പരാതി നൽകിയിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹാർഡ് ഡിസ്‌ക് കാണാതായത്. കമ്പ്യൂട്ടർ പ്രവർത്തിക്കാത്തതിനെ തുടർന്ന് ടെക്‌നിഷ്യൻ വന്ന് പരിശോധിച്ചപ്പോഴാണ് ഹാർഡ് ഡിസ്ക് മോഷണം പോയവിവരം പുറത്തായത്. എന്നാൽ പൊലീസ് ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ഇതുവരെയായും ദേവസ്വം കൈമാറിയിട്ടില്ല.
ഭരണ കക്ഷി യൂണിയനിൽ ഉൾപ്പെട്ട ഒരു ജീവനക്കാരൻ ദേവസ്വത്തിന്റെ കമ്പ്യൂട്ടറിലൂടെ ചെയർമാനെതിരെ പാർട്ടി കണ്ണൂർ ഘടകത്തിലേക്ക് ഇമെയിൽ അയച്ചിരുന്നതായി ആരോപണം ഉയർന്നിരുന്നു. ദേവസ്വം കമ്പ്യൂട്ടർ പാർട്ടി പ്രവർത്തനത്തിന് ദുരുപയോഗം ചെയ്തതായി കാണിച്ച് കണ്ണൂരിൽ നിന്നും ഒരാൾ ദേവസ്വത്തിന് കഴിഞ്ഞ മാസം പരാതി നൽകിയതായും പറയുന്നു. ഇതിന്റെ അന്വേഷണം ദേവസ്വം അധികൃതർ നടത്തിവരുന്നതിനിടെയാണ് കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് മോഷണം പോയതായി കണ്ടെത്തിയിട്ടുള്ളത്. ഇമെയിൽ വിവാദത്തിന്റെ യാഥാർത്ഥ്യമറിയാൻ സഹായിക്കുമെന്ന് കരുതുന്ന ഹാർഡ് ഡിസ്കാണ് മോഷണം പോയതായി പറയുന്നത്. ദേവസ്വം ചെയർമാനെതിരെ ഭരണപക്ഷത്തെ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും ദേവസ്വം സഹകരിക്കാത്തതിനെ തുടർന്ന് അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കിയാൽ ഭരണകക്ഷിയിലെ പലരും കുടുങ്ങുമെന്നതാണ് ദേവസ്വം പൊലീസുമായി സഹകരിക്കാത്തതിന് പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.