പാവറട്ടി: വെന്മേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറിയിലെ ഭാഗ്യേന്ദുവിനെ തേടി അഭിനന്ദ പ്രവാഹം. ഹയർ സെക്കൻഡറി ബയോളജി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഭാഗ്യേന്ദു പാവറട്ടി സെന്ററിലെ അൽ ഷാഫി കോംപ്ലക്‌സിന് എതിർവശത്തിരിക്കുന്ന ഇരുകൈകളില്ലാത്ത വൃദ്ധന് താൻ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന ചോറ് മുഴുവൻ കൊടുക്കുന്നത് പതിവാണ്. എല്ലാ വ്യാഴാഴ്ചയിലുമാണ് ഇയാൾ ഭിക്ഷാടനത്തിനായി ഇവിടെയിരിക്കുക.

ഒന്നര വർഷമായി വീട്ടുകാരോ കൂട്ടുകാരോ അറിയാതെ തന്റെ ഭക്ഷണം ഈ വൃദ്ധന് നൽകി വരുന്നു. സമയമുണ്ടെങ്കിൽ അവിടെയിരുന്ന് ആ ഭക്ഷണം മുഴുവൻ വൃദ്ധന് വാരിക്കൊടുത്തതിന് ശേഷമാണ് സ്‌കൂളിലെത്തുക. ഭാഗ്യേന്ദു എത്താൻ വൈകിയാൽ ഇയാൾ പരിസരത്ത് കാണുന്നവരോടെല്ലാം ഈ കുട്ടിയെ കുറിച്ച് അന്വേഷിക്കുക പതിവാണ്. വ്യാഴാഴ്ച ദിവസം ഉച്ചയ്ക്ക് കൂട്ടുകാരികളോടൊപ്പം കൂടി തത്കാലം വിശപ്പടക്കും, അല്ലെങ്കിൽ വിശപ്പ് സഹിക്കും.

വെന്മേനാട് ഹയർ സെക്കൻഡറി സ്‌കൂൾ യൂണിഫോമിലുള്ള ഒരു പെൺകുട്ടി ഇരുകൈകളില്ലാത്ത ഭിക്ഷക്കാരന് ഭക്ഷണം നൽകുന്നത് കണ്ട മരുതയൂർ സ്വദേശി ആദർശ് സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് സംഭവം വൈറലാവുകയും പുറം ലോകമറിയുകയും ചെയ്തത്. ഇവർ സെക്കൻഡറി അദ്ധ്യാപകനായ സുൽഫിക്കർ മാസ്റ്ററെ വിളിച്ച് അറിയിച്ചതോടെയാണ് സ്‌കൂളിലും ഭാഗ്യേന്ദുവിന്റെ കാരുണ്യ പ്രവർത്തനം അറിഞ്ഞത്. ഏത് വിദ്യാർത്ഥിനിയാണെന്ന് മനസ്സിലാകാതെ സ്‌കൂൾ മൈക്കിലൂടെ സോഷ്യൽ മീഡിയയിലൂടെ വൈറലായ സന്ദേശം വായിച്ച് ഭാഗ്യേന്ദുവിനെ കണ്ടെത്തുകയായിരുന്നു.

കാക്കശ്ശേരി കരുമത്തിൽ പ്രകാശന്റെയും ബിന്ദുവിന്റെയും മകളായ ഭാഗ്യേന്ദുവിന്റെ ഈ ഒന്നര വർഷമായിട്ടുള്ള ചാരിറ്റി പ്രവർത്തനം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വീട്ടുകാരും സംഭവമറിയുന്നത്. എം.എ.എസ്.എമ്മിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സംയുക്തമായി കഴിഞ്ഞ ദിവസം ഭാഗ്യേന്ദുവിനെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

പി.ടി.എ പ്രസിഡന്റ് പി.വി. ഇഖ്ബാൽ അദ്ധ്യക്ഷതയിൽ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയിൽ ഉദ്ഘാടനം ചെയ്തു. ബഷീർ ഫൈസി ദേശമംഗലം അനുമോദന പ്രഭാഷണം നടത്തി. മാനേജ്‌മെന്റ് പ്രതിനിധി എം.കെ. മുഹമ്മദ് മുനീർ, നസീബുള്ള മാസ്റ്റർ, ഹൈസ്‌കൂൾ പ്രധാനദ്ധ്യാപകൻ കെ. ഹുസൈൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി.എ. കരീം, ആദർശ് മരുതയൂർ സംസാരിച്ചു.