ഗുരുവായൂർ: നെയ്പായസത്തിൽ ഈച്ച വീണതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ പായസവിതരണം മുടങ്ങി. ഇന്നലെ രാവിലെ വിതരണം ചെയ്യേണ്ടിയിരുന്ന നൂറോളം ലിറ്റർ നെയ് പായസമാണ് ഈച്ച വീണതിനെ തുടർന്ന് വിതരണം ചെയ്യാഞ്ഞത്. രാവിലെ അഞ്ച് മുതലാണ് ക്ഷേത്രത്തിൽ നെയ് പായസം വിതരണം ചെയ്യുക. 240 രൂപയാണ് ഒരു ലിറ്റർ നെയ് പായസത്തിന് ദേവസ്വം ഭക്തരിൽ നിന്നും ഈടാക്കുന്നത്.
ക്ഷേത്രത്തിൽ അടിയന്തര പ്രവൃത്തി ചെയ്യുന്നവരാണ് ഇന്നലെ രാവിലെ വിതരണത്തിനായി മാറ്റിവെച്ച പായസത്തിൽ ഈച്ചകളെ കണ്ടത്. കുറെ അധികം ഈച്ചകളുണ്ടായിരുന്നു പായസത്തിൽ. തുടർന്ന് പായസം വിതരണം ചെയ്യാതെ മാറ്റി. പായസം തയ്യാറാക്കുന്ന ശർക്കരയിൽ നിന്നാകും ഈച്ച വന്നതെന്നാണ് സംശയിക്കുന്നത്. എന്നാൽ ശർക്കര പൊടിച്ച് തലേ ദിവസം രാത്രി തന്നെ ക്ഷേത്രത്തിൽ ഏൽപ്പിക്കുകയാണ് പതിവ്. പൊടിച്ച ശേഷം അരിച്ചാണ് ശർക്കര പൊടി സ്റ്റോർ റൂമിൽ നിന്നും കൊടുക്കുക പതിവ്. ക്ഷേത്രത്തിൽ രാത്രി സൂക്ഷിച്ച ശർക്കര പൊടിയിൽ വന്നിരുന്നതാകും ഈച്ചയെന്നും ഇത് ശ്രദ്ധിക്കാതെ പായസം തയ്യാറാക്കുന്നവർ ശർക്കര പൊടി പായസത്തിൽ ചേർത്തതാകാമെന്നുമാണ് സംശയിക്കുന്നത്.