ചേർപ്പ്: സാമൂഹികാവബോധം ദുർബലമാവുകയും സാങ്കേതികവും ഉപകരണപരവുമായ ശേഷി വർദ്ധിച്ചുവരികയും ചെയ്യുന്നതാണ് കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധിയെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. മുല്ലനേഴിയുടെ എട്ടാം ചരമവാർഷികത്തിൽ മുല്ലനേഴി പഠിച്ച പെരിഞ്ചേരി എ.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച മുല്ലനേഴി സ്മൃതിയിൽ മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകണബാങ്കും ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലനേഴിയുടെ സഹധർമ്മിണി സാവിത്രി മുല്ലനേഴി പുരസ്കാരം നൽകി.

നേരത്തെ സാമ്പത്തികവളർച്ചയേക്കാൾ ഏറെ മുന്നിലായിരുന്നു കേരളത്തിലെ സാമൂഹിക വളർച്ച. ഇന്ന് സാമൂഹിക വളർച്ചയുടെ മാനം ദുർബലമായി. സാമൂഹികമായ ഉള്ളടക്കമുണ്ടായിരുന്ന ദൈവഭാവന ജാതി ബോധത്തിന്റെയും മതബോധത്തിന്റെയും മത വർഗ്ഗീയതയുടെയും ചിലപ്പോൾ മതഭ്രാന്തിന്റെയും മറയായി തീർന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അശോകൻ ചെരുവിൽ അദ്ധ്യക്ഷനായി. സംവിധായകൻ പ്രിയനന്ദനൻ പ്രശസ്തി പത്ര സമർപ്പണം നിർവഹിച്ചു. വിദ്യാലയ കാവ്യ പ്രതിഭയായി തെരഞ്ഞെടുത്ത പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ഗൗതം കുമരനെല്ലൂരിന് കാവുമ്പായി ബാലകൃഷ്ണൻ പുരസ്‌കാരം നൽകി. ജയരാജ് വാര്യർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പി.ആർ. വർഗ്ഗീസ്, കെ ശശിധരൻ, ഡോ. സി രാവുണ്ണി, ജയൻ കോമ്രേഡ് എന്നിവർ സംസാരിച്ചു. പുഷ്പാർച്ചന, മുല്ലനേഴി കവിതകളുടെ ആലാപന മത്സരം, ചിത്രരചനാ മത്സരം, കവിയരങ്ങ്, നാടകാവതരണം എന്നിവയും നടന്നു.