പാവറട്ടി : മണലൂർ മണ്ഡലത്തിലെ കോൾ പാടങ്ങളിൽ വിത്ത് വിതച്ചതും നടീലിനാവശ്യമായ വിത്തിട്ടതുമായ പാടശേഖരങ്ങളിൽ കനത്ത മഴയിൽ വെള്ളം നിന്ന് നശിച്ചുപോയതിന്റെ നഷ്ടം പരിഹരിക്കാനാവശ്യമായ അടിയന്തര ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മുരളി പെരുനെല്ലി എം.എൽ.എ ആവശ്യപ്പെട്ടു. കർഷകർക്ക് ആവശ്യമായ വിത്ത് നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്നും വാങ്ങി വിതരണം ചെയ്യുന്നതിന് കൃഷിവകുപ്പ് ഇടപെട്ടിട്ടുണ്ട്. കൃഷിനാശത്തിന്റെ വ്യക്തമായ സ്ഥിതിവിവരകണക്ക് അടിയന്തിരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. കെട്ടി നിൽക്കുന്ന വെള്ളം പമ്പുചെയ്യുന്നതിന് കൃത്യമായി വൈദ്യുതി ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൈദ്യുതി തടസ്സം നീക്കുന്നതിന് കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൂവായിരത്തോളം ഏക്കർ കൃഷിയാണ് മണലൂർ മണ്ഡലത്തിൽ നാശം സംഭവിച്ചിരിക്കുന്നത്. ആവശ്യമായ ഇടപെടൽ നടക്കുന്നുണ്ടെന്നതിനാൽ കൃഷിക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും മുരളി പെരുനെല്ലി എം.എൽ.എ അറിയിച്ചു. വെള്ളം കയറിയ പാടശേഖരങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മുരളി പെരുനെല്ലി എം.എൽ.എ.