തൃശൂർ: ജൈവമാലിന്യങ്ങളിൽ നിന്ന് കോഴിത്തീറ്റയും പാഴ് വസ്തുക്കൾ ഉപയോഗിച്ച് പക്ഷിക്കൂടും മരപ്പൊടി കൊണ്ട് കോഴിക്കുഞ്ഞുങ്ങൾക്ക് ചൂടു നൽകാൻ കഴിയുന്ന "ട്രിപ്പിൾ പ്രൊജക്ടു"മായാണ് വൊക്കേഷണൽ എക്സ്പോയിൽ ഇടുക്കിയിൽ നിന്നുളള വിഷ്ണുതങ്കപ്പനും അജ്മൽ നാസറുമെത്തിയത്. മാഗട്ട് ഫാം എന്നാണ് അവർ കോഴികൾക്കുളള സ്‌പെഷ്യൽ തീറ്റ ഉണ്ടാക്കുന്ന ഫാമിന് പേരിട്ടത്.
പ്രവർത്തനം ഇങ്ങനെ:
പച്ചക്കറിയുടെയും ഇറച്ചിയുടെയും അവശിഷ്ടങ്ങൾ ഒരു ടിന്നിൽ അടച്ച് സൂക്ഷിച്ച് ഈച്ചകൾ കയറാനുളള തുളകൾ മാത്രമുളള പ്‌ളാസ്റ്റിക് കുപ്പി ഘടിപ്പിക്കും. അവശിഷ്ടങ്ങളിൽ ഈച്ച വന്ന് മുട്ടയിട്ട് പുഴുക്കൾ വളരും. വളർന്ന് വലുതായ പുഴുക്കൾ മറ്റൊരു പൈപ്പിലൂടെ പുറത്തേയ്ക്ക് വരുമ്പോൾ അത് കോഴികൾക്ക് തീറ്റയാക്കാം. കോഴികളുടെ ആരോഗ്യത്തിന് ഈ തീറ്റ ഗുണകരമാണെന്നും മൂന്നു രൂപ മാത്രമാണ് ഇതിന് ചെലവ് വരുന്നതെന്നും തട്ടക്കുഴ ഗവ. വി.എച്ച്.എസ്.ഇയിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ അവകാശപ്പെടുന്നു. കഴിഞ്ഞ സംസ്ഥാന ശാസ്ത്രോത്സവത്തിലും ഇവർ പങ്കെടുത്തിരുന്നു.
കോഴിക്കുഞ്ഞുങ്ങൾക്ക് ബ്രൂഡർ
വൈദ്യുതി ഇല്ലാതെ കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് കിട്ടാനുളള വിദ്യയാണ് ബ്രൂഡർ. അറക്കപ്പൊടി നിറച്ച ഇരുമ്പിന്റെ കൂടാണിത്. നിശ്ചിത ഉയരത്തിൽ ഇത് സ്ഥാപിച്ച് വലിയ അറയ്ക്കുളളിൽ സൂക്ഷിച്ചാൽ ബ്രൂഡറിന്റെ അടിയിലുളള കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് ലഭിക്കും.
ബൾബ് ഉപയോഗിച്ച് കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് നൽകുമ്പോൾ വലിയ വൈദ്യുതി നഷ്ടമുണ്ടാകുന്നത് കണക്കിലെടുത്താണ് ബ്രൂഡർ നിർമ്മിച്ചതെന്ന് ഇവർ പറയുന്നു. ടേബിൾ ഫാനിന്റെ ഗ്രില്ലും മുളവടിയും ചിരട്ടയുമെല്ലാം ഉപയോഗിച്ചാണ് ചെലവുകുറച്ചുളള പക്ഷിക്കൂട് ഒരുക്കിയത്. പല തവണ മടക്കി എവിടേയ്ക്കും കൊണ്ടുപോകാവുന്ന കോഴിക്കൂടും ഇവർ തയ്യാറാക്കിയിട്ടുണ്ട്. കനം കുറഞ്ഞ ഇരുമ്പ് ഗ്രില്ല് ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം.
ചൂട് കുറയ്ക്കാം, വൈദ്യുതിയും
ചൂട് കുറയ്ക്കാനുളള ഐസ് ബാറ്ററിയുമായാണ് കാറളം വി.എച്ച്.എസ്.ഇയിലെ അനന്തകൃഷ്ണനും സാന്ദ്രയുമെത്തിയത്. വലിയ പാത്രത്തിലെ വെള്ളത്തിൽ സൂക്ഷിക്കുന്ന വലിയ ഐസ് കഷണമാണ് വായുവിനെ തണുപ്പിക്കുന്നത്. വെള്ളത്തിൽ നിന്ന് ചെറിയ ഹോസ് വഴി തണുത്ത വായു എ.എച്ച്.യു എന്ന ഫാനും കോയിലും അടങ്ങുന്ന ബോക്സിലേക്ക് കടത്തിവിടും. അതിൽ നിന്ന് പുറത്തേക്ക് എ.സിയിലൂടെ എന്നതു പോലെ തണുത്ത വായു വരും. കംപ്രസറും കണ്ടൻസറും അടങ്ങുന്ന വേപ്പർ കംപ്രഷൻ സിസ്റ്റമാണ് പ്രധാനഭാഗം. ഫ്രിഡ്ജിൻ്റേതു പോലുളള പ്രവർത്തനത്താലാണ് ഐസ് ഉണ്ടാക്കുന്നത്.