തൃശൂർ: ഉപഭോക്താവിന് കടയിലെത്തി സാധനത്തിന്റെ വില നിശ്ചയിക്കാം, പക്ഷേ അത് ന്യായമാവണം എന്നു മാത്രം. ശക്തൻ സ്റ്റാൻഡ് പരിസരത്തെ അബാർഡ് സെന്ററാണ് വേറിട്ട കച്ചവടത്തിന്റെ സാദ്ധ്യതകൾ തേടാൻ സ്ഥിരം സംവിധാനമൊരുക്കുന്നത്.
കാർഷിക സാമഗ്രികളും ജൈവഭക്ഷ്യവസ്തുക്കളും നഴ്‌സറി ഉത്പന്നങ്ങൾ എന്നിവയാണ് ഇവിടെ വില്പനയ്ക്കുള്ളത്. സാധനങ്ങൾ തെരഞ്ഞെടുത്ത ശേഷം അവിടെ സൂക്ഷിച്ചിരിക്കുന്ന ബോക്‌സിൽ പണം നിക്ഷേപിക്കാം. ജനങ്ങൾക്ക് കൃഷിയെക്കുറിച്ചും കൃഷിയൊരുക്കുന്നതിനുള്ള പ്രയത്‌നത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. ഒരു വർഷം മുമ്പാണ് മുതലമട മാങ്ങയ്ക്കും, വിവിധ ചക്കയിനങ്ങൾക്കും ഇതേ മാതൃകയിൽ വിപണിയൊരുക്കി അബാർഡ് ന്യായവിലയിൽ പരീക്ഷണം തുടങ്ങി വെച്ചത്. പദ്ധതി 85 ശതമാനത്തോളം വിജയമായിരുന്നുവെന്ന് അബാർഡ് അധികൃതർ പറയുന്നു.
അതേസമയം വളരെ കുറഞ്ഞ വില നൽകി വിലകൂടിയ സാധനങ്ങൾ വാങ്ങിപ്പോയവരും കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാർക്ക് ഒരു പൂട്ടിട്ടാണ് ഇത്തവണ ബോക്‌സ് സ്ഥാപിക്കുന്നത്. മേൽനോട്ടത്തിനായി ജീവനക്കാർ പരിസരത്തുണ്ടാകും. തോന്നുംപടി വിലയിട്ടു പോകാനാവില്ലെന്ന് സാരം. നാളെയാണ് സ്ഥിരം സംവിധാനത്തിന് തുടക്കമിടുന്നത്. പദ്ധതി വിജയമെന്ന് കണ്ടാൽ തുടരും.
നഷ്ടം സഹിച്ച് തുടരാനാവില്ലെങ്കിൽ മാത്രം നിഷ് വിപണി അവസാനിപ്പിക്കും. വിവിധ കർഷക കൂട്ടായ്മകളും അബാർഡ് വനിത യൂണിറ്റുകളും ഉത്പാദിപ്പിക്കുന്ന നാടൻ കുത്തരി, വെളിച്ചെണ്ണ, മൺചട്ടികൾ, നാടൻ കോഴി, കാട, മുട്ട, ഉമിക്കരി തുടങ്ങിയവയും വിപണിയിലുണ്ടാകും. 9 മുതൽ 6 വരെയാണ് പ്രവർത്തനസമയം. നാളെ 11ന് കർഷകനായ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉത്പാദന ചെലവും ന്യായവിലയും സംബന്ധിച്ച ധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കുകയാണ് നിഷ് വിപണിയുടെ ലക്ഷ്യമെന്ന് അബാർഡ് ടെക്‌നിക്കൽ കമ്മിറ്റി ഡയറക്ടർ ഡോ. പി.കെ. സുഷമ, മാനേജർ കെ.യു. പ്രിയ, വിൽസൺ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.