തൃശൂർ: ജില്ലയിലെ രജിസ്‌ട്രേഷൻ നടത്താത്ത മുഴുവൻ ഉത്സവങ്ങളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന നാട്ടാന പരിപാലന ചട്ടം അവലോകന യോഗത്തിൽ തീരുമാനമായി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ഉത്സവങ്ങളുടെ കണക്കാണ് സൂക്ഷിക്കുക. നിലവിൽ ഇത്തരത്തിൽ 722 ഉത്സവങ്ങളാണ് രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്. പട്ടിക തയ്യാറാക്കുന്നതുവഴി ഈ ഉത്സവങ്ങൾ നടക്കുന്ന സമയക്രമം മനസിലാക്കി ആവശ്യമായ മുൻകരുതൽ നടപടികളും പരിശോധനകളും ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും സ്വീകരിക്കാൻ കഴിയുമെന്ന് കളക്ടർ യോഗത്തിൽ വ്യക്തമാക്കി.
പറയെടുപ്പ് പോലുള്ള ചടങ്ങുകൾക്ക് ആനകളെ ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3.30 വരെയുള്ള ആന എഴുന്നള്ളിപ്പ് കർശനമായി നിയന്ത്രിക്കും. ആനകളെ ഉപയോഗിക്കുന്ന ഉത്സവങ്ങൾ പൊലീസിനെ മുൻകൂട്ടി അറിയിക്കണം. ഗുരുവായൂർ ആനക്കോട്ടയിലെ വലിയ കേശവൻ എന്ന ആനയ്ക്ക് ക്ഷയരോഗ ചികിത്സ നിലവിൽ നടത്തുന്നുണ്ടോ എന്നകാര്യം പരിശോധിക്കുമെന്ന് കളക്ടർ പറഞ്ഞു. ഈ മാസം നടക്കുന്ന അടുപ്പൂട്ടി പള്ളിപെരുന്നാളിന് 25 ആനകളെ എഴുന്നള്ളിക്കാൻ അനുമതി നൽകും. ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട അനുമതികൾ ലഭിക്കുന്നതിന് ഒരുമാസം മുമ്പ് തന്നെ ബന്ധപ്പെട്ട സംഘാടകർ അപേക്ഷ നൽകണം. എല്ലാ മാസവും നാട്ടാന പരിപാലന ചട്ടം അവലോകന യോഗം ചേരാനും തീരുമാനമായി. വനം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, ആനയുടമകൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.