പുതുക്കാട്: പുതുക്കാട് റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം ബ്രാക്കറ്റിൽ അളഗപ്പനഗർ എന്ന് എഴുതിയതിനൊരു കാരണമുണ്ട്. കാർഷികവൃത്തിയും പരമ്പരാഗത തൊഴിലും മാത്രമുണ്ടായിരുന്ന കാലത്ത് ദേശത്തിന്റെ തലവിധി മാറ്റിയെഴുതിയത് അളഗപ്പ ടെക്‌സ്റ്റൈൽസായിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ സഹപാഠിയും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറും ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി അളഗപ്പ ചെട്ടിയാർ ആയിരുന്നു അളഗപ്പ മില്ലിന്റെ സ്ഥാപകൻ.

തദ്ദേശീയരായ നൂറുകണക്കിന് പേർക്ക് കമ്പനിയിൽ ജോലി ലഭിച്ചതോടെ നാടിന്റെ മുഖച്ഛായ മാറി. തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി പോളി ടെക്നിക്കും ടെലഫോൺ എക്സ്ചേഞ്ചും പോസ്റ്റ് ഓഫീസും ക്ഷേത്രവും ബംഗ്ലാവും ക്വാർട്ടേഴ്സുകളും എല്ലാം വന്നതോടെ നാട്ടിലേക്ക് വികസനത്തിന്റെ കുത്തൊഴുക്കായിരുന്നു. നാടിന്റെ സാമ്പത്തിക വളർച്ചക്കൊപ്പം അവകാശ പോരാട്ടവേദികളിൽ ആമ്പല്ലൂരിന്റെ യശസ് ഉയർന്നതും ഇക്കാലത്താണ്.

കണ്ണൂർ പാറപ്പുറത്ത് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൽ പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്ന പി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തിൽ രൂപീകരിച്ച എ.ഐ.ടി.യു സി യൂണിയന്റെ ഇടപെടൽ തൊഴിലാളി പ്രസ്ഥാന രംഗത്ത് പുതുചരിത്രമെഴുതി. തട്ടിൽ എസ്റ്റേറ്റ് വിഷയവുമായി ബന്ധപ്പെട്ട് കെ. കരുണാകരന് തൃശുർ താലൂക്കിൽ പ്രവേശിക്കാൻ വിലക്ക് വന്നതോടെ താമസം ആമ്പല്ലൂരിലെ തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിലായി. ഐ.എൻ.ടി.യു.സി യൂണിയന്റെ പിറവിക്കും ഇത് കാരണമായി.

അളഗപ്പ ടെക്‌സ്റ്റൈലിൽ പിന്നീട് എല്ലാ തൊഴിലാളി യൂണിയനുകൾക്കും യൂണിറ്റുണ്ടായി. എണ്ണമറ്റ അവകാശ പോരാട്ടങ്ങൾ, സമരങ്ങൾ, ലാത്തിച്ചാർജ്ജുകൾ എന്നിവ അരങ്ങേറി. വയലാറും, അന്തിക്കാടും, കരിവള്ളൂരും പോലെ ആമ്പല്ലൂരും തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് പ്രധാന സ്ഥലമായി. എ.ഐ.ടി.യു.സി നേതാവായിരുന്ന പി.എസ്. നമ്പൂതിരി എം.എൽ.എയായിരിക്കെ അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഗ്രാറ്റുവിറ്റി നിയമമാക്കി സ്വീകരിച്ചത് എന്നറിയുമ്പോഴാണ് അളഗപ്പ മില്ലിന്റെയും പിന്നിലുള്ള തൊഴിലാളി നേതാക്കളുടെയും മഹത്വം തിരിച്ചറിയപ്പെടുക.

സാമ്പത്തിക തകർച്ചയും ഉടമസ്ഥ കൈമാറ്റവും

ഡോ. അളഗപ്പ ചെട്ടിയാർക്ക് സാമ്പത്തിക തകർച്ചയുണ്ടായതോടെ തമിഴ്‌നാട്ടിലെ വ്യവസായ പ്രമുഖനും ഒട്ടേറെ നൂൽ കമ്പനികളുടെ ഉടമയുമായ കാരിമുത്തു ചെട്ടിയാർക്ക് കമ്പനി വിൽപ്പന നടത്തി. അഴിമതിയും ധൂർത്തും മൂലം തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാനാകാതെ കാരിമുത്തു ചെട്ടിയാർ തമിഴ്‌നാട്ടിലേക്ക് കടന്നു. ജോലിയും ശമ്പളവും ഇല്ലാതായതോടെ ആമ്പല്ലൂർ ശോകമൂഖമായി. എ.ഐ.ടി.യു സി യൂണിയൻ പ്രസിഡന്റും എം.എൽഎയുമായിരുന്ന പി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തിൽ യൂണിയനുകൾ അന്നത്തെ വ്യവസായ മന്ത്രി ടി.വി. തോമസുമായും മുഖ്യമന്ത്രി സി. അച്ചുതമേനോനുമായി ഒട്ടേറെ ചർച്ചകൾ നടത്തി. സമർദ്ദങ്ങൾക്കൊടുവിലാണ് പൊതുമേഖലാ സ്ഥാപനമായ കേരള ടെക്സ്റ്റയിൽസ് കോർപറേഷൻ താഴ് വീണ് ആറുമാസം പിന്നിട്ടപ്പോൾ അളഗപ്പ ടെ‌ക്‌സ്റ്റൈൽസ് ഏറ്റെടുത്തത്. സ്വകാര്യ മാനേജ്മെന്റിന് കീഴിൽ ദുരിതക്കയത്തിലായിരുന്ന തൊഴിലാളികൾക്ക് ഇതൊരു സുരക്ഷിതത്വത്തിന്റെ തണലായിരുന്നു.

(തുടരും)