ചാലക്കുടി: ദേശീയപാത അധികൃതരുടെ അനാസ്ഥയാണ് ദമ്പതികളുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് മുരിങ്ങൂരിൽ നാട്ടുകാരും സി.പി.എം പ്രവർത്തകരും റോഡ് ഉപരോധിച്ചു. ബെന്നി ബെഹന്നാന്റെ ഇടപെടലിനെ തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്നെത്തിയ സി.പി.എം പ്രവർത്തകരും ജനപ്രതിനിധികളും ദേശീയ പാത ഉപരോധിക്കുകയായിരുന്നു.
പഞ്ചായത്തംഗം രാജേഷ് മേനോത്തിന്റെ നേതൃത്തിൽ നാട്ടുകാർ മുരിങ്ങൂരിലെ സർവീസ് റോഡിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലീല സുബ്രഹ്മണ്യൻ, എം.ടി. ഡേവിസ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. മുദ്രാവാക്യം വിളിയും മറ്റുമായി ഏറെ നേരം ഇവർ സ്ഥലത്ത് നിലയുറപ്പിച്ചു. ഇരട്ട മരണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ദേശീയ പാത അധികൃതർക്കാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സർവീസ് റോഡുകളുടെ സുരക്ഷിതമായ പൂർത്തീകരണത്തിന് ഇവർ തയ്യാറാകാത്തതാണ് അപകടത്തിന് കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്ന് സ്ഥലത്തെത്തിയ ബെന്നിബെഹ്‌നാൻ എൻ.എച്ച്.ഐ ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിക്കുകയും ഒരാഴ്ചക്കകം റോഡിന്റെ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു. സർവീസ് റോഡിനെ ദേശീയപാതയിൽ നിന്നും വേർതിരിക്കുന്നിടത്ത് മീഡിയൻ നിർമ്മിക്കൽ, റോഡിലെ കുഴികളടക്കൽ, കാന പൂർത്തീകരണം എന്നിയാണ് ഉടനെ ചെയ്യുകയെന്ന് ഉദ്യോഗസ്ഥർ എം.പിക്ക് ഉറപ്പു നൽകി. പീന്നീടെത്തിയ സിപി.എം പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. പ്രകടനമായെത്തിയ പ്രവർത്തകർ പതിനഞ്ചു മിനിറ്റോളം റോഡിൽ കുത്തിയിരുന്നു. പിന്നീട് പൊലീസെത്തിയാണ് സമരക്കാരെ മാറ്റിയത്.
പ്രതിഷേധ യോഗം കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കെ.കെ. ഷീജു, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഡി. തോമസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. ബിബിൻരാജ്, എം.എസ്. ബിജു എന്നിവർ നേതൃത്വം നൽകി.