sunil-murder-theliveduppu
തൊഴിയൂർ സുനിൽ വധ കേസിലെ പ്രതികളെ സുനിലിന്റെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുന്നു

ഗുരുവായൂർ: പരിസരത്തെ ബൾബുകൾ ഊരിയെടുത്ത് ടോർച്ചടിച്ച് സുനിലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് തൊഴിയൂർ സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികൾ. ഗുരുവായൂർ തൊഴിയൂർ സുനിൽ വധക്കേസിലെ പിടിയിലായ നാല് ജംയത്തുൽ ഇസ്ഹാനിയ പ്രവർത്തകരുമായി സുനിലിന്റെ വീട്ടിലും പരിസരത്തും തെളിവെടുപ്പിനിടെയാണ് പ്രതികൾ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. സുനിലിന്റെ വീടിനടുത്തുള്ള നിസ്‌കാര പള്ളിയുടെ പിറകിലെയും പരിസരത്തെ വീടിനു പിറകിലെയും ബൾബുകൾ കൃത്യത്തിന് മുമ്പ് ഊരിയെടുത്തു. തുടർന്നാണ് സുനിലിന്റെ വീട്ടിലെത്തി സുനിലിനെ വധിച്ചതെന്നും പ്രതികൾ പറഞ്ഞു.

ഗുരുവായൂരിനടുത്ത് തൊഴിയൂരിലുള്ള സുനിലിന്റെ വീട്ടിൽ കൊണ്ടുവന്നായിരുന്നു 25 വർഷത്തിന് ശേഷമുള്ള തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി മൊയിനുദ്ദീൻ, വാടാനപ്പിള്ളി അഞ്ചങ്ങാടി സ്വദേശി യൂസഫ് അലി, കൊളത്തൂർ സ്വദേശി ഉസ്മാൻ, പള്ളം സ്വദേശി പുത്തൻ പീടിയേക്കൽ സുലൈമാൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിനായി കൊണ്ടുവന്നത്. സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയതും വീട്ടുകാരെ ആക്രമിച്ചതും എങ്ങനെയെന്ന് പ്രതികൾ വിവരിച്ചു. 1994 ഡിസംബർ നാലിന് പുലർച്ചെ രണ്ടോടെയാണ് ആർ.എസ്.എസ് പ്രവർത്തകനായ സുനിലിനെ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നത്. കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് സി.പി.എം പ്രവർത്തകരായ ഒമ്പത് പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. പിന്നീട് തീരദേശത്ത് നടന്ന വാടാനപ്പിള്ളി രാജീവ്, മതിലകം സന്തോഷ് വധക്കേസുകളുടെ അന്വേഷണത്തിനിടയിലാണ് ജം ഇയ്യത്തുൽ ഇസ്ഹാനിയ എന്ന മതതീവ്രവാദ സംഘടനയിൽപെട്ടവരാണ് സുനിൽ കൊലപാതകവും നടത്തിയതെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യമായി.