കാെടുങ്ങല്ലൂർ: സ്വകാര്യ ഭൂവുടമ നികത്തിയ തോട് സി.പി.എം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് പൂർവ സ്ഥിതിയിലാക്കി. എറിയാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൃഷിഭവന് പടിഞ്ഞാറ് വശം തോടും ചിറയുമുള്ള ഭൂമിയാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് നികത്തിയിരുന്നത്. തോട് നികത്താൻ പഞ്ചായത്ത് മൗനാനുവാദം നൽകിയെന്ന ആരോപണമുയർന്നതിനെ തുടർന്ന് എറിയാട് പഞ്ചായത്ത് സെക്രട്ടറി ഭൂവുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
പിന്നീട് ഭൂമി പൂർവസ്ഥിതിയിലാക്കാൻ തീരുമാനിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും നടന്നിരുന്നില്ല. മഴക്കാലമായതോടെ ഈ ഭാഗത്തെ ഇരുപതോളം വീടുകൾ വെള്ളത്തിലായി. ഇതോടെ ഭൂമി നികത്തലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ശക്തമായ മഴയെ തുടർന്ന് ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിലായ സാഹചര്യത്തിൽ സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട് തുറക്കുകയായിരുന്നു. നാട്ടുകാരും ഇതിനാെപ്പം ചേർന്നു. സി.പി.എം അഴീക്കോട് ലോക്കൽ സെക്രട്ടറി നൗഷാദ് കറുകപ്പാടത്ത്, പതിനൊന്നാം വാർഡ് മെമ്പർ സന്ധ്യ ലിബിൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി തൽഹത്, ഡി.വൈ.എഫ്. ഐ യൂണിറ്റ് സെക്രട്ടറി ചന്ദു എന്നിവർ നേതൃത്വം നൽകി..