ചാലക്കുടി: ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടം ദേശീയ പാത അധികൃതരുടെ സൃഷ്ടിയാണെന്ന ആരോപണം ശക്തമായി. മോട്ടോർ വാഹന വകുപ്പും എൻ.എച്ച്.ഐയെ കുറ്റപ്പെടുത്തി റിപ്പോർട്ട് നൽകി. അപകടം നടന്ന സ്ഥലത്ത് ദേശീയപാതയും സർവീസ് റോഡും വേർത്തിരിക്കപ്പെടുന്ന ഡിവൈഡർ ഇല്ലെന്നെ ഗുരുതരമായ വീഴ്ചയാണ് വാഹന വകുപ്പ് അധികൃതർ ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. സർവീസ് റോഡിന്റെ തകർച്ചയും അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർവീസ് റോഡ് വ്യാപകമായി തകർന്നപ്പോൾ ദേശീയപാതയിലേക്ക് എളുപ്പം പ്രവേശിക്കുന്നതിനാണ് ഒരുവർഷം മുമ്പ് താൽക്കാലിക സംവിധാനമെന്ന നിലയിൽ ഇവിടെയുണ്ടായിരുന്ന ഡിവൈഡർ മാറ്റിയത്. എന്നാൽ റോഡിന്റെ അറ്റകുറ്റപണികളും നടന്നില്ല. പൊളിച്ച ഡിവൈഡറും പുനഃസ്ഥാപിച്ചില്ല. ഇതിലൂടെ ദേശീയ പാതയിലേക്ക് കയറിയ ബസ് പെട്ടെന്ന് നിറുത്തിയതാണ് ബുധനാഴ്ചയിലെ ഇരട്ട മരണത്തിന് ഇടയാക്കിയത്. ബസിൽ ഇടിക്കാതിരിക്കാൻ മാറ്റിയെടുത്ത ദമ്പതികളുടെ ബൈക്ക് റോഡിലെ ഗർത്തത്തിൽപ്പെട്ട് താഴെ വീഴുകയായിരുന്നു. പിന്നാലെ വന്ന ടാങ്കർ ലോറി അതിലിടിച്ചാണ് മരണം സംഭവിച്ചത്.
പോട്ട മുതൽ പൊങ്ങം വരെയുള്ള റോഡിന്റെ അവസ്ഥ മുരിങ്ങൂരിന് സമാനമാണ്. ദേശീയ പാതനിർമ്മാണം കരാറെടുത്ത കെ.എം.സി കമ്പനിയുടെ അനാസ്ഥയാണ് ഇതിനകം ഇത്തരത്തിൽ നടന്ന അപകടമരണങ്ങൾക്ക് ഇടയാക്കിയത്. ചാലക്കുടി കോടതി ജംഗ്ഷനിലെ അടിപ്പാതയുടെ സ്ഥിതിയും മറിച്ചല്ല. മരണങ്ങൾ സംഭവിക്കുന്ന സമയത്ത് ജനങ്ങളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തുമ്പോൾ ചിലപൊടിക്കൈകൾ പ്രയോഗിച്ച് തൽക്കാലികമായി രക്ഷപ്പെടുന്ന രീതിയാണ് കരാർ കമ്പനിക്കാർ ഇത്രയും കാലം തുടർന്നുവന്നത്. മുരിങ്ങീരിലെ അപകടത്തെ തുടർന്ന് അവർ സ്ഥലം എം.പിക്ക് നൽകിയിരിക്കുന്ന ഉറപ്പും ഇതിന്റെ തുടർക്കഥയാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.