ചാലക്കുടി: ദേശീയ പാത മുരിങ്ങൂരിൽ ഗട്ടറിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക്, ടാങ്കർ ലോറിക്കു പിന്നിലിടിച്ച് ദമ്പതികൾ മരിച്ചു. മാള പൂവത്തുശേരി വേലംപറമ്പിൽ വീട്ടിൽ ഷൈൻ (52), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ സിഗ്‌നൽ ജംഗ്ഷനിൽ നിന്ന് 50 മീറ്റർ അകലെയായിരുന്നു അപകടം.
പൂവത്തുശേരിയിൽ നിന്നു ബിന്ദുവിന്റെ വീടായ പെരുമ്പിയിലേക്ക് പോയതായിരുന്നു ഇരുവരും. മുന്നിലൂടെ പോയ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരെ കയറ്റുന്നതിനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ, വലതു ഭാഗത്തേക്ക് ഷൈൻ ബൈക്ക് വെട്ടിത്തിരിച്ചു. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിലെ ഗട്ടറിൽപ്പെട്ട് തെറിച്ച്, എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബിന്ദു സംഭവ സ്ഥലത്തുവച്ചു മരിച്ചു. സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനു ശേഷമായിരുന്നു ഷൈന്റെ മരണം. ഓടിക്കൂടിയ നാട്ടുകാരും ഉടനെ സ്ഥലത്തെത്തിയ പൊലീസുകാരുമാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽപെട്ട ടാങ്കർ ലോറി കുറച്ചുദൂരം പോയശേഷമാണ് നിറുത്തിയത്. ഡ്രൈവർ പിന്നീട് കൊരട്ടി പൊലീസ് സ്റ്റേഷനിൽ എത്തി. ദമ്പതികൾ വർഷങ്ങളായി പുത്തൻചിറ ശാന്തിനഗറിലാണ് താമസം. മൃതദേഹങ്ങൾ ഇന്നു രാവിലെ 11 വരെ ശാന്തിനഗറിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം 12 ന് ഇരിങ്ങാലക്കുട നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്‌കാരിക്കും. മക്കൾ: ഗ്രീഷ്മ, സായ്കൃഷ്ണ (ഇരുവരും വിദ്യാർത്ഥികൾ).