കൊടുങ്ങല്ലൂർ: ജീവിത സൗഭാഗ്യങ്ങളുടെ ശോഭ വെള്ളക്കെട്ടിൽ അലിഞ്ഞില്ലാതായ കുടുംബങ്ങൾക്ക് എം.പിയുടെ സന്ദർശനം ആശ്വാസമായി. ജീവിതം ദുരിതപൂർണ്ണമായ നഗരസഭ 17ാം വാർഡിലെ ശ്രീകാളീശ്വരി റസിഡന്റ്‌സ് അസോസിയേഷനിലെ വെള്ളക്കെട്ട് പ്രദേശം സന്ദർശിച്ച് ബെന്നിബഹ്നാൻ എം.പിയാണ് ദുരിതബാധിതർക്ക് പുതുപ്രതീക്ഷയേകിയത്.
കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ട എം.പി, നഗരസഭയിൽ നിന്നും ഇനിയും നടപടിയുണ്ടായില്ലെങ്കിൽ കളക്ടർ മുഖേന പരിഹാരം ഉറപ്പാക്കുമെന്ന് അറിയിച്ചു. സമീപത്തെ വീടുകളും ഇത് വഴിയുള്ള യാത്രികരും വെള്ളക്കെട്ട് മൂലം ഏറെ ദുരിതത്തിലാണ്. വെള്ളം ഒഴുകി പോകാനുള്ള തോട് നികത്തിയതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് നൽകിയിട്ടുള്ളത്.

ഇതേസമയം വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കാന പണിയുന്നതിനായി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. വീടുകളിൽ നിന്നുമുള്ള കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം തന്റെ വീട്ടുമുറ്റത്ത് കൂടിയാണ് ഒഴുകുന്നതെന്ന് ആരോപിച്ച് പ്രദേശവാസിയായ ഒരാൾ വീട്ടിലേക്ക് വെള്ളം ഒഴുകി വരാതിരിക്കാനായി ഗേറ്റിന് മുന്നിൽ തിണ്ട് കെട്ടി ഒഴുക്ക് തടഞ്ഞിരുന്നു. ബദൽ സംവിധാനം ഒരുക്കാൻ നഗരസഭയോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് ഇയാൾ അനുകൂല ഉത്തരവും സമ്പാദിച്ചിരുന്നു. ഈ വിധി നിലനിൽക്കുന്നതിനാൽ ഇയാൾ വെള്ളം ഒഴുക്ക് തടസപ്പെടുത്തി വെച്ചിരിക്കുന്നത് പൊട്ടിച്ചുവിടാൻ നഗരസഭയ്ക്ക് കഴിയാത്ത സാഹചര്യമാണ്. പദ്ധതി വിഹിതത്തിൽ വന്ന കുറവ് മൂലം ഈ പണം കണ്ടെത്തുവാൻ നഗരസഭയ്ക്ക് ആദ്യം കഴിഞ്ഞില്ല. എട്ടോളം വരുന്ന കുടുംബങ്ങൾക്കായി പദ്ധതി തയ്യാറാണ്. തുകയ്ക്കായി പ്രാദേശിക വിഭവ സമാഹരണം നടത്താൻ ചെയർമാൻ ശ്രമിച്ചെങ്കിലും വിഫലമായി. പ്രളയസമാനമായ മഴ തുടരുന്ന സാഹചര്യത്തിൽ മറ്റ് പദ്ധതികളിൽ ക്രമീകരണം വരുത്തി കാന പണിയുന്നതിനുള്ള തുക കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവൃത്തി അടിയന്തരമായി നടപ്പാക്കാൻ ഒക്ടോ. 19ന് നഗരസഭാ സെക്രട്ടറി ടി.കെ സുജിത് ഉത്തരവിട്ടതിനെ തുടർന്ന് എൻജിനീയർ സി.എസ് പ്രകാശന്റെ നേതൃത്വത്തിൽ നേരിട്ട് ഈ പ്രവൃത്തി ആരംഭിക്കുകയും സ്ലാബുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.