തൃശൂർ: പെട്രോളും ഡീസലുമൊന്നും വേണ്ട, സോളാർ പാനലുണ്ടെങ്കിൽ ഒരു പുല്ലുവെട്ട് യന്ത്രമുണ്ടാക്കാം. സോളാർ പാനലിൽ നിന്നുള്ള ഊർജ്ജം അഡാപ്റ്റർ വഴി കൂട്ടി പി.വി.സി. പൈപ്പിനുളളിലൂടെ ഡി.സി മോട്ടോറിലേക്ക് ഘടിപ്പിച്ചാൽ പുല്ലുവെട്ട് യന്ത്രം റെഡി. കൊടുങ്ങല്ലൂർ ജി.വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ അഗ്രോമെഷിനറി ആൻഡ് പവർ എൻജിനീയറിംഗ് വിദ്യാർത്ഥികളായ ആരോമലിന്റെയും ശേഷാദ്രിയുടെയുമാണ് ഈ കണ്ടുപിടുത്തം.

വൈദ്യുതി ഉപയോഗിച്ചും റീ ചാർജ്ജബിൾ ബാറ്ററിയിലൂടെയും പ്രവർത്തിപ്പിക്കാം. പ്രത്യേക ബ്ളേഡുകൾ ഉപയോഗിച്ച് പുല്ല് മുറിക്കാനുളള ചക്രവും ഉണ്ടാക്കാം. സോളാർ പാനൽ ഒഴികെയുളള ഉപകരണങ്ങൾക്കെല്ലാം പരമാവധി അഞ്ഞൂറ് രൂപ മതി. പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോഴുളള അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കാമെന്നതാണ് ഇതിൻ്റെ സവിശേഷതയെന്ന് 'മെക്കാനിക്കൽ വീഡർ' എന്ന വൊക്കേഷണൽ എക്സ്പോയ്ക്ക് എത്തിയ ഇവർ പറയുന്നു.

കല്ലുമ്മക്കായ വളർത്താൻ റാഫ്റ്റ്, റാക്ക് രീതികളുമായാണ് കയ്പ്പമംഗലം ഫിഷറീസ് സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥികളായ നീലിയും ഫാത്തിമ അനുമോളും വൊക്കേഷണൽ എക്സ്പോയ്ക്ക് എത്തിയത്. വെള്ളത്തിൽ സ്ഥിരമായി സ്ഥാപിക്കുന്നതാണ് റാക്ക് കൾച്ചർ. മുള കൊണ്ട് കെട്ടിയുണ്ടാക്കിയ റാക്കുകളിൽ കല്ലുമ്മക്കായുടെ കുഞ്ഞുങ്ങളെ തുണിയിൽ പൊതിഞ്ഞ് കയറിൽ തൂക്കിയിടും. കുഞ്ഞുങ്ങൾ വളരുന്നതോടെ തുണി ദ്രവിച്ച് കയറിൽ കല്ലുമ്മക്കായ് വളരും. ഇതിന് ഒരാഴ്ച സമയം മതി.

റാക്ക് കൾച്ചർ രീതിയുമായി ചെറിയ വ്യത്യാസമാണ് റാഫ്റ്റ് കൾച്ചറിനുളളത്. വെളളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കൾ മുകളിൽ കെട്ടിയുണ്ടാക്കുന്നതാണ് റാഫ്റ്റ് കൾച്ചർ. സ്ഥിരമായി സ്ഥാപിക്കുന്ന രീതി അല്ലാത്തതിനാൽ റാഫ്റ്റ് കൾച്ചറിന് കൂടുതൽ വിളവിനും സാദ്ധ്യതയുണ്ട്. മഴയ്ക്ക് തൊട്ടു മുമ്പേ ഇത്തരം കൃഷിരീതികൾ തുടങ്ങണം. ഉപ്പിൻ്റെ സാന്ദ്രത നിശ്ചിത അളവിൽ വേണ്ടതിനാലാണിത്. 25 പി.പി.റ്റി ആണ് ഉപ്പിൻ്റെ സാന്ദ്രത വേണ്ടത്.

കരി, മണൽ, മെറ്റൽ എന്നിവ ഉപയോഗിച്ച് വെളളം ശുദ്ധീകരിച്ച് വീണ്ടും അതേ വെളളം തന്നെ മീൻ വളർത്തലിന് ഉപയോഗിക്കുന്ന രീതിയും ഇവർ പ്രദർശിപ്പിച്ചിട്ടുണ്ട്. ജൈവാണുക്കൾ വളരാനുളള വസ്തുക്കളും വെള്ളത്തിൽ ചേർക്കുന്നുണ്ട്. പല നിറങ്ങളിലുളള ഗപ്പി, വില പിടിപ്പുളള ഫൈറ്റർ തുടങ്ങിയ മത്സ്യങ്ങളും പ്രദർശനത്തിലുണ്ട്. ഏറെ ശ്രദ്ധയോടെയാണ് വിദ്യാർത്ഥികൾ ഇവയുടെ പരിപാലനം നടത്തുന്നത്. അതുകൊണ്ടു തന്നെ എക്സ്പോയ്ക്ക് എത്തുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ഫിഷറീസ് സ്കൂളിൻ്റെ പ്രദർശനം.