polakkulam

താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പോളക്കുളത്തിന്റെ സർവേ നടത്തുന്നു

മാള: കുഴൂർ പഞ്ചായത്തിലെ പോളക്കുളം നവീകരണത്തിന് 1.1 കോടി രൂപയുടെ പദ്ധതി വരുന്നു. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പോളക്കുളത്തിന്റെ അതിർത്തി നിശ്ചയിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന കുളത്തിന്റെ കൈയ്യേറ്റങ്ങൾ സംബന്ധിച്ച തീർപ്പുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സർവേ നടത്തുന്നത്.

2.68 ഏക്കറാണ് മാള മേഖലയിലെ ഏറ്റവും വലിയ കുളമായ പോളക്കുളത്തിന്റെ വിസ്തൃതി. ഇവിടെ നിന്ന് താണിശേരി-ഐരാണിക്കുളം ജലസേചന പദ്ധതിയും പ്രവർത്തിക്കുന്നുണ്ട്. കുളത്തിലെ ചണ്ടിയും പായലും പുല്ലും നീക്കി ആഴം വർദ്ധിപ്പിച്ച് വശങ്ങൾക്ക് നടപ്പാതയും ഇരിപ്പിടവും നിർമ്മിച്ച് സൗന്ദര്യവത്കരിക്കുന്ന പദ്ധതിയാണ് നടപ്പാക്കാനിരിക്കുന്നത്. പഞ്ചായത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ് അതിർത്തി നിശ്ചയിക്കലും നവീകരണവും. ഈ നടപടിയിലൂടെ പരാതികൾ ഇല്ലാതാക്കുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ വ്യക്തമാക്കി. അനുവദിച്ച 1.1 കോടി രൂപയുടെ പദ്ധതി നടപടികളിലാണെന്ന് വാർഡ് മെമ്പർ കെ.കെ. രാജു പറഞ്ഞു.

ചാലക്കുടി താലൂക്ക് സർവേയർ പി.വി. സിന്ധുവിന്റെ നേതൃത്വത്തിലാണ് പോളക്കുളത്തിന്റെ അതിർത്തി നിശ്ചയിക്കുന്നതിനായി ഡിജിറ്റൽ സർവേ നടത്തുന്നത്. പോളക്കുളത്തിലെ ജലസേചന പദ്ധതിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 15 എച്ച്.പി.യുടെ മോട്ടോറാണ്. കൂടാതെ ഇതേ ശേഷിയുള്ള മറ്റൊരു മോട്ടോർ സ്ഥാപിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. പൂത്തുരുത്തി, വട്ടക്കുളം പദ്ധതികളിൽ നിന്നാണ് പോളക്കുളത്തിലേക്ക് വെള്ളമെത്തുന്നത്.

പോളക്കുളത്തിന്റെ കുറ്റമറ്റ നവീകരണം നിരവധി തവണ ഒന്നാം വാർഡിലെ ഗ്രാമസഭയിലും പഞ്ചായത്ത് കമ്മറ്റിയിലും ചർച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ കുളത്തിന്റെ വിസ്തൃതി അളന്നുതിരിക്കുന്നത്. പൂക്കളും പുല്ലും പായലും ചണ്ടിയും നിറഞ്ഞ ഒരു മൈതാനം പോലെയാണ് ഇപ്പോൾ പോളക്കുളമുള്ളത്. കുളത്തെ നവീകരിച്ചാൽ പഞ്ചായത്തിന്റെ ജലസേചന പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പദ്ധതിയിൽ

2.68 ഏക്കറിലുള്ള പോളക്കുളം മാളമേഖലയിൽ ഏറ്റവും വലിയത്

കുളത്തിലെ ചണ്ടിയും പായലും പുല്ലും നീക്കി ആഴം വർദ്ധിപ്പിക്കും

വശങ്ങൾക്ക് നടപ്പാതയും ഇരിപ്പിടവും നിർമ്മിച്ച് സൗന്ദര്യവത്കരിക്കുന്ന പദ്ധതി

കുളത്തിന്റെ അതിർത്തി നിശ്ചയിക്കുന്നതിനായി ഡിജിറ്റൽ സർവേയും