ചാവക്കാട്: ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ മൂന്നാംകല്ല് പെട്രോൾ പമ്പിനടുത്ത് ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിന്റെ പ്രാഥമിക ജോലികൾ ഊർജ്ജിതം. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. മൂന്നാംകല്ല് പെട്രോൾ പമ്പ് മുതൽ കരുവാരക്കുണ്ട് വരെയുള്ള ഭാഗത്താണ് ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നത്.

കട്ട വിരിക്കുന്നതോടെ ഈ ഭാഗത്തെ റോഡിന്റെ തകർച്ചയ്ക്ക് ശാശ്വത പരിഹാരമാകും. മാസങ്ങൾക്കു മുമ്പ് മൂന്നാംകല്ല് പെട്രോൾ പമ്പിനടുത്ത് റോഡിന്റെ തകർച്ച കാരണം ഒരു വിദ്യാർത്ഥി ബൈക്കിൽ നിന്നും വീണു മരിച്ചിരുന്നു. കൂടാതെ സ്‌കൂട്ടർ കുഴിയിൽ ചാടി മറിഞ്ഞ് ഫോർട്ട് കൊച്ചി സ്വദേശികളായ മാതാവിനും മക്കൾക്കും ഗുരുതരമായ പരിക്കും പറ്റിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും വഴി തിരിച്ച് വിട്ടിരിക്കുകയാണ്.

ചേറ്റുവ മൂന്നാംകല്ല്, അഞ്ചങ്ങാടി, ബ്ലാങ്ങാട് വഴിയാണ് വാഹനങ്ങൾ ഇപ്പോൾ കടത്തി വിടുന്നത്. ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിന്റെ മുന്നോടിയായി റോഡിലെ ടാറിംഗ് പൂർണ്ണമായും എസ്‌കവേറ്റർ ഉപയോഗിച്ച് പൊളിച്ചു മാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാൻ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്.