ചാവക്കാട്: ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങളിൽ വെള്ളമില്ല. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്നവരും ദുരിതത്തിൽ. മുപ്പതിലധികം ഓഫീസുകൾ പ്രവർത്തിക്കുന്ന ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലാണ് ഈ അവസ്ഥ.
ദിവസവും നൂറു കണക്കിന് പേർ ഇവിടെയെത്തുന്നുണ്ട്. വിവിധ ഓഫീസുകളിലായി 200ൽ പരം ജീവനക്കാരുമുണ്ട്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷന് പുറത്തു പോകേണ്ട സ്ഥിതിയാണിപ്പോൾ. ജീവനക്കാർക്കായി സർക്കാർ ഓഫീസുകളിലും പൊതു ജനത്തിനായി കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലും ശൗചാലയുമുണ്ട്. പക്ഷേ രണ്ടിടത്തും വെള്ളം എത്തുന്നില്ല.
ടാങ്കും ഇവിടെ നിന്നുള്ള പൈപ്പുകളും കേടായിരിക്കുകയാന്നെന്ന് സിവിൽ സ്റ്റേഷനിലെ ജീവനക്കാർ പറയുന്നു. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ സംഘടനയായ 'പ്രണവം' നിരവധി തവണ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് തഹസിൽദാർ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തെ വിവരം അറിയിച്ചതോടെ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മോട്ടോർ തകരാറിലാണെന്ന് കണ്ടെത്തി. എന്നാൽ മോട്ടോർ ഇതുവരെ നന്നാക്കിയിട്ടില്ല. എത്രയും പെട്ടെന്ന് അധികൃതർ ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെയും,പൊതുജനങ്ങളുടെയും ആവശ്യം.
ദുരിതവഴിയിൽ
ദുരിതം 30 ഓളം സർക്കാർ ഓഫീസിൽ എത്തുന്നവർക്ക്
ജീവനക്കാരായ 200ലേറെ പേർക്കും ദുരിതക്കയം
പ്രാഥമിക കൃത്യത്തിന് സിവിൽ സ്റ്റേഷന് പുറത്ത് പോകണം
ടാങ്കും പൈപ്പും കേടാണെന്ന് ജീവനക്കാരുടെ സംഘടന