തൃശൂർ: വൃത്തിഹീനമായ അന്തരീക്ഷത്തിൽ മാടുകളെ അറവു ചെയ്യുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി കർക്കശമാക്കും. മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റിയിയിൽ മാത്രമാണ് ജില്ലയിൽ അംഗീകൃത അറവുശാലയുള്ളൂ. മറ്റുള്ളവയെല്ലാം അനധികൃതമാണ്. മാടുകളെ അറക്കുമ്പോൾ പാലിക്കേണ്ട ശുചിത്വ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം പ്രാകൃതമായ അറവ് സമ്പ്രദായം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം കൂടി പരിശോധനയ്ക്ക് പിന്നിലുണ്ട്. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ മുഴുവൻ പേർക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് നിർബന്ധമാക്കും.
പറമ്പിലും പാടത്തും മണ്ണിലിട്ടു കാലികളെ അറത്തു വില്പന നടത്തി മാർക്കറ്റിൽ കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന രീതിയാണ് നിലവിൽ. ഇതാകട്ടെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കുറ്റകരമാണ്. മണ്ണും ചെളിയും കാലികളുടെ ചാണകവും ഇറച്ചിയിൽ കലരും.
ഇറച്ചി കഴിക്കുന്നവരിൽ ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. അംഗീകാരമോ ലൈസൻസോ ഇല്ലാതെ മാടുകളെ അറവ് ചെയ്യാൻ പാടില്ലെന്നാണ് നിയമം. ഏതുതരത്തിലുള്ള മാടുകളെയാണ് അറവിന് ഉപയോഗിക്കേണ്ടതെന്നും നിയമത്തിൽ പറയുന്നുണ്ട്. ഇതൊന്നും ജില്ലയിൽ പാലിക്കപ്പെടുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ അംഗീകൃത അറവുശാല ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു. ശുചിത്വമുള്ള മാംസ വ്യാപാരം ഉറപ്പാക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികളിൽ യൂണിവേഴ്‌സിറ്റിയിലെ മീറ്റ് ടെക്‌നോളജി വിഭാഗം തലവൻ ഡോ. ബി. സുനിലുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ സി.എ. ജനാർദ്ദനന്റെ നിർദ്ദേശത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ, രേഖ മോഹൻ, എസ്. ലിഷ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
അറവിനുള്ള മാടുകൾ
ഗർഭിണികളായ ഉരുക്കളെയോ മൂന്ന് മാസത്തിൽ കുറഞ്ഞ പ്രായമുള്ള ഉരുക്കളെയോ അറക്കാൻ പാടില്ല
രോഗങ്ങൾ ഉള്ളവയും ചികിത്സയിലുള്ളതുമായ കാലികളെ അറക്കരുത്.
അറവുശാലയിൽ നിന്ന് രക്തം ഒഴുക്കിവിടുന്നതും ശേഖരിക്കുന്നതും ഉചിതമായ രീതിയിലാകണം.
അറവു ചെയ്ത മൃഗങ്ങളെ തറയിൽ കിടത്തി വൃത്തിയാക്കരുത്. കെട്ടിത്തൂക്കിയോ ഉയരമുള്ള മേശയിലിട്ടോ വേണം വൃത്തിയാക്കൽ.
ഒരു മൃഗത്തെ അറക്കുന്നതു മറ്റ് മൃഗങ്ങൾ കാണാത്ത വിധത്തിൽ മറ വച്ച് ക്രമീകരിക്കണം.
കഴുകി വൃത്തിയാക്കാൻ വേണ്ട വെള്ളവും സൗകര്യങ്ങളും ഉണ്ടായിരിക്കണം.
അറവു ചെയ്യപ്പെട്ടവയുടെ ശരീരം കഴുകി വൃത്തിയാക്കാൻ മീറ്റർ ഒന്നിന് 33 മില്ലി മീറ്റർ ചരിവോടു കൂടിയ ഓട ഉണ്ടായിരിക്കണം.
18 വയസിൽ താഴെ ഉള്ളവരും രോഗങ്ങൾ ഉള്ളവരും അറവു ശാലയിലും വില്പന ശാലകളിലും ജോലി ചെയ്യരുത്.
രോഗങ്ങൾ ഇല്ലെന്ന് വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തിയ മൃഗങ്ങളെ മാത്രമേ അറക്കാൻ പാടുള്ളൂ.
ലൈസൻസ് നിർബന്ധം
ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലാതെ ഇറച്ചി വിൽപ്പന നടത്തുന്നത് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റം.