എരുമപ്പെട്ടി: വടക്കാഞ്ചേരി - കുന്നംകുളം റോഡിലെ കുഴികൾ താത്കാലികമായി അടയ്ക്കുന്ന നടപടി പൊതുമരാമത്ത് അധികൃതർ ആരംഭിച്ചു. റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ആലത്തൂർ - ഗുരുവായൂർ സംസ്ഥാന പാതകൂടിയായ വടക്കാഞ്ചേരി - കുന്നംകുളം റോഡിലൂടെ രാപ്പകൽ വ്യത്യാസമില്ലാതെ നൂറ് കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.

ഓട്ടുപാറ മുതൽ എരുമപ്പെട്ടി വരെയുള്ള പത്ത് കിലോമീറ്റർ ദൂരമാണ് റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ട് യാത്രാ ക്ലേശം സൃഷ്ടിക്കുന്നത്. കുഴികളിൽ വാഹനങ്ങൾ ചാടി അപകടങ്ങളുണ്ടാകുന്നത് പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത്.

കേരളകൗമുദി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഓട്ടുപാറ മുതലാണ് പൊതുമരാമത്ത് വകുപ്പ് കുഴികൾ അടയ്ക്കാൻ ആരംഭിച്ചിരിക്കുന്നത്. ക്വാറിയിലെ കല്ലും മണ്ണും നിറഞ്ഞ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് കുഴികൾ താത്കാലികമായി അടയ്ക്കുന്നത്.