തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് അനുവദിച്ചിരുന്ന യാത്രാ സൗജന്യം നിറുത്തലാക്കിയതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രമേയം പാസാക്കി. യാത്രാ സൗജന്യം നിറുത്തലാക്കിയത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന പുത്തൂർ ഡിവിഷൻ മെമ്പർ ഇ.എ. ഓമന അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ച് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹൈടെക് ആകുന്ന വിദ്യാലയങ്ങൾക്ക് ഫർണിച്ചർ നൽകുന്നതിന് 1.20 കോടി രൂപ വകയിരുത്തി. കുണ്ടോളിക്കടവിൽ റോഡരികിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ കോൾനിലങ്ങളിലേക്ക് വീണുകിടക്കുന്നത് മൂലം കർഷകർ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ യോഗം തീരുമാനിച്ചു.
യോഗത്തിലെ മറ്റ് വിലയിരുത്തലുകൾ
ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കായി 13 കോടിയോളം കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും
ബാലസൗഹൃദ ജില്ലയായി തൃശൂരിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ
വിദ്യാർത്ഥിനികൾക്ക് സാനിറ്ററി നാപ്കിനുകൾ സ്‌കൂളുകളിൽ ലഭ്യമാക്കുന്നതിനുള്ള ഷീ പാഡ് പദ്ധതി അവസാന ഘട്ടത്തിൽ
കാൻസർ വിമുക്ത തൃശൂർ ലക്ഷ്യം മൂന്ന് വർഷത്തിനകം പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾ കാര്യക്ഷമമാക്കും
43 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന കുന്നംകുളത്തെ പിഗ് ബ്രീഡിംഗ് ഫാമിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി