സാങ്കേതിക തടസം മൂലം നിന്നു പോയ ചിറക്കൽ ചെറുപ്പുഴ ശുദ്ധജല പദ്ധതിയുമായി ബന്ധപെട്ട കൂത്തുമാക്കൽ ഷട്ടർ മന്ത്രി കെ.കൃഷ്ണൻ കുട്ടി സന്ദർശിക്കുന്നു.
കയ്പ്പമംഗലം: ചിറക്കൽ ചെറുപുഴ പദ്ധതിയുടെ സാങ്കേതിക കുരുക്ക് പരിഹരിച്ച് ഉടൻ നിർമ്മാണം പുനനാരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. എടത്തിരുത്തി പഞ്ചായത്തിലെ ചിറക്കൽ ചെറുപ്പുഴ പദ്ധതി നടത്തിപ്പിലെ തടസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് കൂത്തുമാക്കൽ ഷട്ടർ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയോടൊപ്പം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ.വി. സതീഷ്, ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തി.
എടത്തിരുത്തി പഞ്ചായത്തിലെ ചിറക്കൽ ചെറുപ്പുഴ ശുദ്ധജല പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ കാരണങ്ങൾ പറഞ്ഞ് കരാറുകാരൻ കേസു കൊടുത്തതിനെ തുടർന്നാണ് മൂന്ന് വർഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം നിലച്ചത്. ചിറക്കൽ ചെറുപ്പുഴയിൽ നിന്ന് കൂത്തുമാക്കൽ ഷട്ടർ വഴി കനോലി കനാലിനടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ച് കാർഷികവശ്യങ്ങൾക്കും എടത്തിരുത്തി പരിസര പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതുമാണ് പദ്ധതി. മുൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം തുടങ്ങിയത്.
കനാലിന്റെ ഇരുവശത്തും സംരക്ഷണ ഭിത്തികളുടെ നിർമാണം തുടങ്ങിയെങ്കിലും പാതിവഴിയിൽ കരാറുകാരൻ ഉപേക്ഷിക്കുയായിരുന്നു. പദ്ധതി സംബന്ധിച്ച് ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യാഗസ്ഥരുമായും വകുപ്പു മന്ത്രിയുമായും നിരവധി ചർച്ചകൾ നടത്തിയിരുന്നു. നവംബർ 4ന് പുതിയ ടെൻണ്ടർ നടപടികൾ നടക്കുമെന്നും ഉടൻ തന്നെ നിർമ്മാണം ആരംഭിച്ച് പദ്ധതി പൂർത്തീകരിക്കാനാകുമെന്നും എം.എൽ.എ പറഞ്ഞു.