ആമ്പല്ലൂർ: കേരള ടെക്‌സ്‌റ്റൈൽ കോർപറേഷനിൽ ലയിച്ചതോടെ ആമ്പല്ലൂരിന്റെ അളഗപ്പ മില്ലിന് ജീവശ്വാസം വീണെന്ന് സ്വപ്‌നം കണ്ട തൊഴിലാളികാരും നാട്ടുകാരും 1974 പിന്നിട്ടതോടെ വീണ്ടും ദുസ്വപ്‌നത്തിലേക്ക് അമർന്നു. ആ വർഷമായിരുന്നു കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ടെക്‌സ്റ്റൈൽ കോർപറേഷൻ പൂട്ടിക്കിടന്ന മില്ലുകൾ ഏറ്റെടുത്തത്.
കേരള ടെക്‌സ്റ്റൈൽ കോർപറേഷന്റെ കീഴിലുള്ള അളഗപ്പ മിൽ ഉൾപ്പെടെ അഞ്ച് മില്ലുകൾ ഇതോടെ നാഷണൽ ടെക്‌സ്‌റ്റൈൽ കോർപറേഷന്റെ കീഴിലായി. അളഗപ്പ കൂടാതെ പുല്ലഴി കേരളലക്ഷ്മി, തിരുവനന്തപുരം വിജയലക്ഷ്മി, കൊല്ലം പാർവതി മിൽ, കണ്ണൂർ സ്പിന്നിംഗ് മിൽ എന്നിവയാണ് കേന്ദ്ര സർക്കാർ സ്ഥാപനത്തിന് കീഴിലായത്.
കേരളം, മാഹി, തമിഴ്‌നാട് എന്നിവിടങ്ങളിലെ മില്ലുകൾ ഏറ്റെടുത്ത നാഷണൽ ടെക്‌സ്റ്റൈൽ കോർപറേഷൻ കോയമ്പത്തൂരിൽ റീജ്യണൽ ഓഫീസും തുറന്നു. തുടക്കത്തിൽ വൻലാഭത്തിലായിരുന്നെങ്കിലും ഉന്നതരുടെ കെടുകാര്യസ്ഥതയും ശ്രദ്ധക്കുറവും കൊണ്ട് പല മില്ലുകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഈ കൂട്ടത്തിൽ ആമ്പല്ലൂരിന്റെ അളഗപ്പയും ഉണ്ടായിരുന്നു.
കോർപറേഷന്റെ നഷ്ടം നാൾക്കുനാൾ പെരുകിയപ്പോൾ വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയായി. പ്രവർത്തന മൂലധനം ചുരുങ്ങി മില്ലുകളുടെ പ്രവർത്തനം തന്നെ അവതാളത്തിലായപ്പോൾ ബോർഡ് ഫൊർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീ കൺസ്ട്രക്ഷന്റെ കീഴിലായി കോർപറേഷൻ.
നാഷണൽ ടെക്‌സ്റ്റൈൽ കോർപറേഷൻ വീണ്ടും സ്വതന്ത്രമായപ്പോൾ ലാഭകരമല്ലാത്ത ഒട്ടേറെ മില്ലുകളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ മില്ലുകളുടെ സ്ഥലവും യന്ത്രങ്ങളും വിൽപ്പന നടത്തി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുകയെന്ന നടപടിയായിരുന്നു സ്വീകരിച്ചത്. പിന്നീട് 40 മില്ലുകൾ മാത്രമാണ് കോർപറേഷന് കീഴിൽ ശേഷിച്ചത്.
അളഗപ്പ മില്ലും ശേഷിച്ചവയിൽ പെട്ടെങ്കിലും ചിറകരിഞ്ഞ പോലെയായിരുന്നു തുടർന്നുള്ള നിലനിൽപ്പ്. അളഗപ്പയുടെ കണ്ണായ അഞ്ച് ഏക്കർ ഭൂമി വിൽപ്പന ചെയ്തു മുതൽക്കൂട്ടിയായിരുന്നു തുടർപ്രവർത്തനം. എങ്കിലും ശനിദശ നീങ്ങിയില്ല, ഇക്കാലത്തും അമ്പല്ലൂരിനെ അളഗപ്പനഗറാക്കിയ ആ വലിയ സ്ഥാപനം മരണക്കെണിയിൽ നിന്നും രക്ഷനേടാൻ ചികിത്സ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു.
അനാസ്ഥയുടെ കൂടാരം
നാഷണൽ ടെക്സ്റ്റയിൽസ് കോർപറേഷൻ ഇപ്പോൾ നാഥനില്ലാ കളരിയാണ്. ചെയർപേഴ്‌സനില്ലാതെ കാലമേറെയായി, ഒരു എക്‌സിക്യൂട്ടിവ് ഡയറക്ടർ മാത്രമാണുള്ളത്. കോർപറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് എല്ലാ നാശനഷ്ടത്തിന് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.
മില്ലുകൾ നവീകരിക്കാനായി വാങ്ങിയതിൽ ഏറിയതും ഗുണമേന്മയില്ലാത്ത ചൈനീസ് നിർമ്മിത യന്ത്രങ്ങളായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് നവീകരിച്ചപ്പോഴായിരുന്നു യന്ത്രസാമഗ്രികൾ വാങ്ങിയത്. ഇതിൽ പല യന്ത്രങ്ങളും കേടായി എന്നു മാത്രമല്ല, സ്‌പെയർ പാർട്‌സ് കിട്ടാനുമില്ല. ഗുണമേന്മയുള്ള ഇന്ത്യൻ നിർമ്മിത യന്ത്രങ്ങൾ വാങ്ങാതെ ചൈനീസ് യന്ത്രങ്ങൾ വാങ്ങിക്കൂട്ടിയതിന് പിന്നിലും അഴിമതിയുണ്ടെന്നാണ് ആരോപണം.
പരുത്തിക്കും പഞ്ഞം
അളഗപ്പ മിൽ ഉൾപ്പെടെയുള്ള മില്ലുകളുടെ പ്രവർത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ പരുത്തി യഥാസമയം കർഷകരിൽ നിന്നും ഏറ്റെടുക്കുന്നതിലും വീഴ്ചയുണ്ടെന്ന് ആരോപണം ഉയരുന്നു. പരുത്തി വിളവെടുപ്പ് കാലത്ത് വാങ്ങാതെ ദുർലഭമായ സമയത്ത് വാങ്ങുന്നതിൽ അഴിമതിയും അതോടൊപ്പം സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള ശ്രമമാണെന്നും ആരോപണം ഉയരുന്നു.
രക്ഷ വേണം അളഗപ്പയ്ക്ക്
രാജ്യത്തിന് അഭിമാനമായ പൊതുമേഖല സ്ഥാപനങ്ങൾ ഇല്ലാതാകുമ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുക മാത്രമല്ല, പൊതുവിപണിയിലെ സ്വാധീനം കൂടിയാണ് നഷ്ടമാകുക. അളഗപ്പയിലെ കോടികൾ വിലമതിക്കുന്ന 50 ഏക്കർ ഭൂമി, കെട്ടിടങ്ങൾ, ജീവനക്കാരുടെ നൂറോളം ക്വാർട്ടേഴ്‌സുകൾ തുടങ്ങിയവയുടെ ഇന്നത്തെ ആസ്തിമൂല്യം കോടാനുകോടി രൂപ വരും. ഇതിനകം കമ്പനിയുടെ പല കെട്ടിടങ്ങളും അറ്റകുറ്റപണികൾ നടത്താതെ തകർച്ചയുടെ വക്കിലെത്തിയിട്ടുണ്ട്. ലക്ഷണങ്ങൾ വിരൽ ചൂണ്ടുന്നത് ജില്ലയിലെ എറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ അളഗപ്പ ടെക്സ്റ്റയിൽസിന് എന്ന് താഴു വീഴുമെന്ന ആശങ്കയിലേക്കാണ്. ആമ്പല്ലൂരിന്റെ അഭിമാന സ്തംഭത്തിന് പുതുരക്ഷ നൽകാൻ ഭരണകൂടങ്ങളും അധികൃതരും ആത്മാർത്ഥമായി ഇറങ്ങിയെങ്കിലേ ഇനി നടക്കൂ.
(നാളെ- കാലത്തെ അതിജീവിച്ച് കുത്താമ്പുള്ളിയുടെ കൈത്തറി)