ഇരിങ്ങാലക്കുട : ജില്ലയിലെ 85 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നായി 7,​000ൽപരം വിദ്യാർത്ഥികൾ നാല് ദിവസങ്ങളിലായി പങ്കെടുക്കുന്ന കലോത്സവത്തിന് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ തിരി തെളിഞ്ഞു. സഹോദയ കോംപ്ലക്സിന്റെയും മാനേജ്‌മെന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ. കെ.യു അരുണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കവി വയലാർ ശരത്ചന്ദ്ര വർമ്മ, നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു , ഐ.ടി മുഹമ്മദ് അലി, സതീഷ് മേനോൻ, ഡോ. ദിനേഷ് ബാബു, സന്തോഷ് ചെറാക്കുളം, കെ.ആർ നാരായണൻ, അനില ജയചന്ദ്രൻ, എൻ.ആർ രതീഷ്, സ്‌കൂൾ മാനേജർ ഡോ. ടി.കെ ഉണ്ണിക്കൃഷ്ണൻ, ബാബു കോയിക്കര എന്നിവർ സംസാരിച്ചു. നാളെ വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ നാല് കാറ്റഗറികളിലായി 154 ഇനങ്ങളിൽ 31 സ്റ്റേജുകളിലാണ് മത്സരം നടക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് ശേഷം 14 സ്റ്റേജുകളിലായി വിവിധ കാറ്റഗറികളിൽ സംഘനൃത്തം, ഭരതനാട്യം, കുച്ചിപ്പുഡി, നാടോടി നൃത്തം, ഒപ്പന, ഫ്ളൂട്ട് ഈസ്റ്റേൺ, വയലിൻ ഈസ്റ്റേൺ, മലയാളപ്രസംഗം, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് പ്രസംഗം, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം പദ്യപാരായണം, പവർപോയിന്റ് പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങൾ നടക്കും. കഴിഞ്ഞ ദിവസം നടന്ന സ്റ്റേജിതര മത്സരങ്ങളിൽ 17 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 2,​600 കുട്ടികൾ പങ്കെടുത്തു