കുന്നംകുളം: നടപടിക്രമങ്ങൾ പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചുവെന്ന പരാതിയെ തുടർന്ന് ഭിന്നശേഷിക്കാരനായ വൃദ്ധന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. കുന്നംകുളം അടുപ്പൂട്ടിക്കുന്ന് തലക്കാട്ടു പരമേശ്വരൻ (68) കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചുവെങ്കിലും ബന്ധുക്കളും നാട്ടുകാരിൽ ചിലരും ഇയാളെ വീട്ടിലെത്തിക്കുകയായിരുന്നു. എന്നാൽ ഞായറാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ വേണ്ടത്ര നടപടിക്രമം പാലിക്കാതെ എസ്.എൻ.ഡി.പി ശ്മശാനത്തിൽ ഭാരവാഹികളുടെ അനുമതിയില്ലാതെ സംസ്‌കരിക്കുകയായിരുന്നു.
ഇതിനെതിരെ നാട്ടുകാരിൽ ചിലർ ചേർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് മൃതദേഹം പുറത്തെടുക്കാൻ പൊലീസ് ആർ.ഡി.ഒയുടെ അനുമതി വാങ്ങിയാണ് ഇന്നലെ 11 മണിയോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് വിഭാഗത്തിന്റെ സാന്നിദ്ധ്യത്തിൽ പുറത്തെടുത്തത്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം എസ്.എൻ.ഡി.പി ശ്മശാനത്തിൽ തന്നെ സംസ്‌കരിച്ചു. കുന്നംകുളം സ്റ്റേഷൻ ഓഫീസർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലായിരുന്നു മൃതദേഹം പുറത്തെടുത്തത്.
പരാതിക്ക് പിന്നിൽ മൂന്ന് കാരണങ്ങൾ
1. സമയത്ത് ചികിത്സ നൽകിയില്ല
2. വാർഡ് കൗൺസിലറെ പോലും അറിയിക്കാതെ സംസ്‌കരിച്ചു
3. ശ്മശാന ഭാരവാഹികളെ പോലും അറിയിക്കാതെ സംസ്‌കരിച്ചു