ചാലക്കുടി: കലാഭവൻ മണിയുടെ സ്മരണാർത്ഥം ഒക്ടോബർ 26, 27 തീയതികളിൽ നാടൻപാട്ട്, ഓണംകളി അടക്കമുള്ള കലാപരിപാടികൾ നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻ ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. ചാലക്കുടി നഗരസഭയും ഫോക്‌ലോർ അക്കാഡമിയും കലാഭവൻ മണി സ്മാരക ട്രസ്റ്റുമായി സഹകരിച്ചാണ് ദ്വിദിന ചടങ്ങ് സംഘടിപ്പിക്കുന്നത്. പുത്തുപറമ്പ് മൈതാനിയിൽ ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിക്കുന്ന നാടൻ പാട്ടോടു കൂടി കലാപരിപാടികൾക്ക് ഒദ്യോഗിക തുടക്കമാകും. തുടന്നുള്ള പൊതു സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനാകും. രാത്രി ഏഴിന് കാസർകോട് നിന്നുള്ള കലാകാരന്മാരുടെ പൂരക്കളി അവതരണം നടക്കും. രാവിലെ പത്തിന് ഓണംകളി, വൈകീട്ട് അഞ്ചിന് മുന്നൂറ് കുടുംബശ്രീ അംഗങ്ങൾ അണിനിരക്കുന്ന മെഗാതിരുവാതിരക്കളി എന്നിവയാണ് ഞായറാഴ്ചയിലെ പ്രധാന ചടങ്ങുകൾ. വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗവ.ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർ വി.ജെ. ജോജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.