തൃശൂർ: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല ജേതാക്കളായി. 1,007പോയിന്റുകൾ കരസ്ഥമാക്കിയാണ് കൊടുങ്ങല്ലൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 921 പോയിന്റുകൾ നേടിയ തൃശൂർ ഈസ്റ്റിനാണ് രണ്ടാം സ്ഥാനം. 911 പോയിന്റ് നേടിയ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനം നേടി. 817 പോയന്റുകൾ നേടി തൃശൂർ വെസ്റ്റും 768 പോയന്റോടെ ചാലക്കുടിയും നാലും അഞ്ചും സ്ഥാനത്തെത്തി.

ഗണിത വിഭാഗത്തിൽ തൃശൂർ ഈസ്റ്റ് ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ഇരിങ്ങാലക്കുടയ്ക്കാണ് രണ്ടാം സ്ഥാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊടുങ്ങല്ലൂരും തൃശൂർ ഈസ്റ്റും ഒന്നും രണ്ടും സ്ഥാനം നേടി. സോഷ്യൽ സയൻസിൽ ചേർപ്പിനാണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം. കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊടുങ്ങല്ലൂരാണ് ജേതാക്കൾ. മാള രണ്ടാം സ്ഥാനം നേടി. പ്രവൃത്തി പരിചയ മേളയിൽ കൊടുങ്ങല്ലൂരും തൃശൂർ ഈസ്റ്റും ഒന്നും രണ്ടും സ്ഥാനത്തെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇരിങ്ങാലക്കുടയ്ക്കാണ് ഒന്നാം സ്ഥാനം. കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനത്തെത്തി. സയൻസ് വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറിയിൽ തൃശൂർ ഈസ്റ്റും ജേതാക്കളായി. തൃശൂർ ഈസ്റ്റും വെസ്റ്റും ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് അഡ്വ.കെ. രാജൻ ഉദ്ഘാടനം ചെയ്തു.