കൊടുങ്ങല്ലൂർ: സവർക്കർക്ക് ഭാരതരത്‌ന സമ്മാനിക്കുന്നത്, സ്വാതന്ത്ര്യസമര രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഗാന്ധിജിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ 150ാം വാർഷികത്തോട് അനുബന്ധിച്ച് എം.ഇ.എസ് സംഘടിപ്പിച്ചിട്ടുള്ള ഗാന്ധിസ്മൃതി പരിപാടിയിൽ അസ്മാബി കോളേജിലെ സെമിനാറിൽ ഗാന്ധിസം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വം ആരും അനുവദിച്ചു തരുന്ന ഔതാര്യമല്ല ഭരണഘടന തരുന്ന അവകാശമാണെന്നും, പൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്യമെന്നത് മനസ്സിലാക്കണമെങ്കിൽ ഗാന്ധിയെ മനസ്സിലാക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ചിത്രകാരൻ ഡാവിഞ്ചി സരേഷ് കാപ്പി പൊടിയിൽ വരച്ച ഗാന്ധി കസ്തൂർബ ചിത്രം തുഷാർ ഗാന്ധിക്ക് സമ്മാനിച്ചു.

എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ: ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.കെ. കുഞ്ഞുമൊയ്തീൻ, പി.കെ. മുഹമ്മദ് ഷമീർ, ആസ്പിൻ അഷ്രഫ്, സലിംഅറക്കൽ, ഡോ: ഫിറോസ് മുഹമ്മദ്, അഡ്വ: കെ.എം.നവാസ്, കെ.എം അബ്ദുൾസലാം, കോളേജ് പ്രിൻസിപ്പാൾ ഡോ: അജിംസ് പി.മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.