പാവറട്ടി: 108 ശിവാലയങ്ങളിൽ ഒന്നായ പറമ്പൻതളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉപദേവനായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ തുലാമാസ ഷഷ്ഠി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾക്ക് തുടക്കം. ജില്ലയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ ഷഷ്ഠി മഹോത്സവത്തിനായി ജില്ലയ്ക്കകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കും. 25 കരകളിൽ നിന്നായി 22 കാവടി സംഘങ്ങളും എട്ട് കരകളിൽ നിന്ന് ശൂലധാരികളുടെ സംഘങ്ങളും എത്തും.
പഴനിയിലെ പോലെ വലിയ വിഗ്രഹമുള്ളതിനാൽ 'പഴനിയിൽ പാതി പറമ്പൻതളി' എന്ന ചൊല്ലുമുണ്ട്. ഷഷ്ഠിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ യോഗം ചേർന്നിരുന്നു. ഓരോ കാവടി സംഘവും ശൂലധാരി സംഘങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കേണ്ട സമയക്രമവും തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ടവരുടെ യോഗം നടക്കും.
കഴിഞ്ഞ പത്തു വർഷമായി ഷഷ്ഠി ആഘോഷത്തിനു വരുന്ന ഭക്തജനങ്ങൾക്കും കാവടി സംഘങ്ങൾക്കും സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായുള്ള വളണ്ടിയർമാരുടെ യോഗം നടന്നു. 200 വളണ്ടിയർമാർ വിവിധ മേഖലകളിലായി സേവനം അനുഷ്ഠിക്കും.
ക്ഷേത്രത്തിലെ ഉപദേശക സമിതി, പുനരുദ്ധാരണ സമിതി, മാതൃസമിതി, ശിവരാത്രി കമ്മിറ്റി എന്നീ ഘടകങ്ങൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകളിൽ പങ്കാളികളാകുന്നുണ്ട്. ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ വി. ലെനിൻ, മാനേജർ എം.വി. രത്‌നാകരൻ എന്നിവർ ഉത്സവാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.