ചേലക്കര: പാടശേഖരങ്ങളിൽ യന്ത്രസഹായത്തോടെ ജൈവ കീടനാശിനികൾ തളിക്കുന്നതിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം പഴയന്നൂർ പഞ്ചായത്തിലെ കിഴക്കെ പാടത്ത് നടത്തി. ജൈവ കീടനാശിനികളും വെള്ളത്തിൽ അലിയുന്ന വളങ്ങളും കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളിൽ വിശാലമായ പാടശേഖരങ്ങളിൽ തളിക്കുന്നതിനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്.

യന്ത്രവത്കരണം പരമാവധി ഉപയോഗപ്പെടുത്തി കൃഷിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം പഴയന്നൂർ പഞ്ചായത്തിലെ കിഴക്കെ പാടത്ത് നടത്തിയത്. ഒരേക്കർ സ്ഥലത്ത് തളിക്കുന്നതിന് 20 മിനിറ്റ് സമയവും 20 ലിറ്റർ വെള്ളവും മതിയാകും. തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് ആദ്യത്തെ പ്രദർശന പറക്കൽ നടത്തിയത്. കാർഷിക സർവകലാശാലയുടെ സഹായത്തോടെ മരുന്നു തളിക്കുന്നതിന്റെ അളവും സമയവും കൃത്യത വരുത്തിയതിനു ശേഷം കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
യു.ആർ. പ്രദീപ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയൻ, കൃഷി ശാസ്ത്രജ്ഞരായ ഡോ. ദീപ ജയിംസ്, സുമാ നായർ, കൃഷി ഉദ്യോഗസ്ഥരായ ജോസഫ് ജോൺ തേറാട്ടിൽ, പ്രദീപ് പഞ്ചായത്ത് മെമ്പർമാർ ,പാടശേഖര സമിതി ഭാരവാഹികളും പങ്കെടുത്തു.