തൃശൂർ: തൃശൂർ വെസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം 28 മുതൽ 31 വരെ പുറ്റേക്കരയിലെ സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിലും സെന്റ് മേരീസ് എൽ.പി സ്‌കൂളിലുമായി നടക്കുമെന്ന് സംഘാർകർ അറിയിച്ചു. സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്യും.

കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ആന്റോ അദ്ധ്യക്ഷനാകും. സിനി ആർട്ടിസ്റ്റ് ജെൻസൻ ജോസ് മുഖ്യാഥിതിയാകും. വിവിധ സ്‌കൂളുകളിൽ നിന്നായി 3300 വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും. 31ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. മേയർ അജിത വിജയൻ മുഖ്യാതിഥിയാകും. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ് സമ്മാന ദാനം നിർവ്വഹിക്കും.

വാർത്താ സമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ. അജിതകുമാരി, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ആന്റോ, പുറ്റേക്കര സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയലത, ഇഗ്‌നേഷ്യസ്, ടി. ജയലക്ഷ്മി, സാജു ജോർജ് എന്നിവർ പങ്കെടുത്തു.