തൃശൂർ: പ്രളയ ദുരിതാശ്വാസത്തിന് തുടങ്ങിയ സിവിൽ സപ്ലൈസിന്റെ ചിറ്റിശേരിയിലെ താത്കാലിക ഗോഡൗണിൽ നിന്ന് 'ഇലക്‌ഷൻ അർജന്റ്' ബോർഡ് വച്ച് ഗോതമ്പു കടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. സെക്രട്ടേറിയറ്റിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി ഇരുപതിന നിർദ്ദേശങ്ങളാണ് ഇക്കാര്യത്തിൽ സർക്കാരിന് സമർപ്പിച്ചത്. താത്കാലിക ഗോഡൗണിലേക്ക് അതിക്രമിച്ചു കയറി, ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ഇലക്‌ഷൻ ഡ്യൂട്ടിയുണ്ടായിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തു പ്രചരിപ്പിച്ചത് മുൻ ട്രാൻസ്‌പോർട്ടിംഗ് കരാറുകാരനാണ്. ഇയാൾ ഗോഡൗണിലേക്ക് അതിക്രമിച്ചു കയറിയത് ജീവക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. 'ഇലക്‌ഷൻ അർജന്റ്' ബോർഡ് മാറ്റി 'സപ്ലൈകോ ഡ്യൂട്ടി' എന്ന ബോർഡു വച്ചാണ് ധാന്യങ്ങൾ വാതിൽപ്പടി വിതരണത്തിന് കൊണ്ടുപോയത്.

ഇതേസമയം, റേഷൻ വിതരണത്തിൽ പ്രതിമാസം മുപ്പതിനായിരം കിലോ തൂക്കക്കുറവു കണ്ടെത്തിയ സംഭവത്തിൽ തൃശൂർ ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ആറു മാസത്തേക്ക് തുടങ്ങിയ താത്കാലിക ഗോഡൗൺ കാലാവധി കഴിഞ്ഞു രണ്ടു മാസംകൂടി പ്രവർത്തിപ്പിച്ചതിന്റെ അധിക ബാദ്ധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിലും വ്യത്യാസം ഉണ്ടായിരുന്നു. ഈ തുകയും ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനാണ് നിർദേശം. അവധി ദിനമായ ഞായറാഴ്ച ഗോഡൗൺ ഒഴിപ്പിച്ച ഓഫീസർ ഇൻ ചാർജായ അസിസ്റ്റന്റ് മാനേജർ പി.ആർ. ജയചന്ദ്രൻ, റേഷനിംഗ് ഇൻസ്‌പെക്ടർ, സ്റ്റോക്ക് കസ്റ്റോഡിയൻ എന്നിവർ സ്ഥലത്തു ഹാജരായില്ല. ജൂനിയർ അസിസ്റ്റന്റും താത്കാലിക ജീവനക്കാരിയും ചേർന്നാണു ഒഴിപ്പിച്ചത്. ധാന്യങ്ങളുടെ അളവു രേഖപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് ഗോഡൗൺ ഒഴിപ്പിച്ചത്.

ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്ക് കൊണ്ടുപോകാൻ കരാറെടുത്തയാൾക്കും കുടുംബാംഗങ്ങൾക്കും അഞ്ചോളം റേഷൻ കടകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവരുടെ ട്രാൻസ്‌പോർട്ട് കോൺട്രാക്ട് റദ്ദാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരം ചട്ടലംഘനങ്ങൾക്ക് കൂട്ടുനിന്ന റേഷനിംഗ് ഇൻസ്‌പെക്ടർമാർക്കെതിരെയും നടപടി വേണമെന്നാണ് നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് വിവരാവകാശ രേഖയായി ലഭിച്ച തൃശൂർ നേർകാഴ്ച സെക്രട്ടറി പി.ബി. സതീഷാണു പുറത്തുവിട്ടത്.