തൃശൂർ : അവിഹിത ബന്ധം ആരോപിച്ച് പൊലീസിന്റെ ഒത്താശയോടെ പെൺകുട്ടിയെ ജനകീയ വിചാരണ നടത്തുകയും തുടർന്ന് പെൺകുട്ടി കിണറ്റിൽ ചാടി മരിക്കുകയും ചെയ്ത സംഭവത്തിൽ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പുനരന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ചാലക്കുടി കൊരട്ടി സ്വദേശിനി ലീലയുടെ മകളുടെ ആത്മഹത്യ പുനരന്വേഷിക്കാനാണ് കമ്മിഷൻ ജൂഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. തൃശൂർ (റൂറൽ) ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ ഡിവൈ.എസ്.പി അന്വേഷിക്കണമെന്നാണ് ഉത്തരവ്. പുനരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കമ്മിഷൻ തൃശൂർ റേഞ്ച് ഐ.ജിക്ക് നിർദ്ദേശം നൽകി.

പരാതിക്കാരിയുടെ മകൾ വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും നിരന്തര പീഡനത്തിന് വിധേയയായിരുന്നതായി പരാതിയിൽ പറയുന്നു. കേസിൽ കമ്മിഷന്റെ അന്വേഷണവിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. 2015 നവംബർ ഒന്നിനാണ് പെൺകുട്ടി വിവാഹിതയായത്. സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞിരുന്ന സ്വർണ്ണം നൽകാത്തതിനെതിരെ ഭർത്താവ് രാജേഷ് നിരന്തരം ഉപദ്രവിച്ചിരുന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടയിൽ ഇവർക്ക് ആൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന്റെ പിതൃത്വത്തിൽ ഭർത്താവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് 2018 ജൂൺ 20 ന് ആത്മഹത്യ ചെയ്യുകയായിരുന്നു. മാള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.