തൃശൂർ: വിവരസാങ്കേതിക വിദ്യയുടെ നേട്ടം കേരളത്തിലെ ആരോഗ്യ രംഗം പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ പ്രിൻസിപ്പൽമാരുടെ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് ചികിത്സയോടൊപ്പം അനുകമ്പയും സ്‌നേഹവും കിട്ടണം. നാടിന്റെ നല്ല ആരോഗ്യത്തിന് വിദഗ്ദ്ധ ചികിത്സ മാത്രമല്ല ആവശ്യം.

രോഗം വരാതിരിക്കാനുള്ള മുൻകരുതൽ കൂടി വേണം. ഇത് സാദ്ധ്യമാകാൻ മുൻകൈയെടുക്കേണ്ടത് ഡോക്ടർമാരാണ്. ഇതിനായി ആരോഗ്യ അവബോധവും രോഗ നിയന്ത്രണവും സാദ്ധ്യമാകുന്ന വിവരദാന അവബോധ ക്ലാസുകൾ കൂടി നടത്തേണ്ടതുണ്ട്. ഐ.ടി മേഖലയുടെ സംഭാവനകളായ റോബോട്ടിക്കുകളെയും നിർമ്മിത ബുദ്ധിയുടെയും നേട്ടങ്ങൾ കൂടി പ്രയോജനപ്പെടുത്തുക വഴി സമൂഹത്തിൽ ആരോഗ്യരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കാം. ആരോഗ്യ ആതുര സേവന മേഖലയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഡോക്ടർ രോഗി ബന്ധം കൂടുതൽ മെച്ചപ്പെടുന്നത് ഗുണകരമാകും. സർവകലാശാലകളിൽ ഒതുങ്ങുന്ന ഗവേഷണങ്ങളും പ്രബന്ധങ്ങളുമാകരുത് ഉണ്ടാകേണ്ടതെന്നും ഗവർണർ പറഞ്ഞു.

വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. വൈസ് ചാൻസലർ ഡോ.എ. നളിനാക്ഷൻ, സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ വി. സിദ്ദിഖ്, ഫിനാൻസ് ഓഫീസർ കെ.പി രാജേഷ്, പരീക്ഷാ കൺട്രോളർ ഡോ. സി.പി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥി സൗഹൃദ വൈസ് ചാൻസലറായ ഡോ. എം.കെ.സി. നായരെ ആദരിച്ചു. മികച്ച ഡോക്ടർമാർക്കുള്ള പുരസ്‌കാരം സമ്മാനിച്ചു.