തൃശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ നിർമ്മാണം പൂർത്തിയാക്കി, അടുത്തവർഷം നവംബറിൽ തുറന്നുകൊടുക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനം വിലയിരുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തിലെ നാല് കൂടുകളുടെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കും. സിംഹവാലൻ, കാട്ടുപോത്ത്, കരിങ്കുരങ്ങ്, പക്ഷിക്കൂട് എന്നിവയുടെ എൺപത് ശതമാനം പണിയും പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ പൂർത്തീകരിക്കേണ്ട സിംഹം, കടുവ എന്നിവയുടെ കൂടുകൾ, മൃഗങ്ങളുടെ ആശുപത്രി, വാർഡുകൾ എന്നിവയുടെ നിർമ്മാണവും ആരംഭിച്ചു.

പാർക്കിലേക്കുള്ള റോഡ്, പാർക്കിംഗ് സൗകര്യം, വിനോദ സഞ്ചാര പാർക്ക് എന്നിവയുടെ നിർമ്മാണവും തുടങ്ങി. മൂന്നാം ഘട്ടത്തിലാണ് തൃശൂരിലെ മൃഗശാലയിൽ നിന്നുള്ള മൃഗങ്ങളെ ഇവിടേക്ക് മാറ്റിപാർപ്പിക്കുക. മൃഗങ്ങൾക്ക് കുടിവെള്ള വിതരണത്തിനായി മണലിപ്പുഴയിൽ നിന്ന് വെള്ളം എത്തിക്കുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി അനുമതി വാങ്ങി. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, പി.സി.സി.എഫ് സ്‌പെഷൽ ഓഫീസർ കെ.ജെ വർഗീസ്, സ്‌പെഷൽ ഓഫീസറും ഡെപ്യൂട്ടി കൺസർവേറ്ററുമായ കെ.എസ് ദീപ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.ഡി മണി എന്നിവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു...

നിർമ്മാണം ഇങ്ങനെ

356 ഏക്കറിൽ പ്രകൃതിയെ നശിപ്പിക്കാത്ത തരത്തിൽ നിർമ്മാണം

മുളകൾ, കാടുകൾ എന്നിവ നിലനിറുത്തും

സർക്കാർ അനുവദിച്ചത് 320 കോടി

നിർമ്മാണ പ്രവർത്തനം നടക്കുന്നത് 269 കോടിക്ക്

ബാക്കി തുക കണ്ടെത്തുക കിഫ്ബി പദ്ധതിയിലൂടെ

മൂന്ന് ഘട്ടങ്ങൾ

ആദ്യഘട്ടം

നാല് കൂടുകളുടെ നിർമ്മാണം

പൂർത്തിയാക്കുക ഡിസംബറിൽ

രണ്ടാം ഘട്ടം

പൂർത്തീകരിക്കേണ്ടത് സിംഹം, കടുവ എന്നിവയുടെ കൂടുകൾ, മൃഗങ്ങളുടെ ആശുപത്രി

മൂന്നാം ഘട്ടം

തൃശൂർ മൃഗശാലയിൽ നിന്നുള്ള മൃഗങ്ങളെ മാറ്റൽ

പൂർത്തിയാകുക നവംബറിൽ

ആകർഷണീയത ഇവ

കാലാവസ്ഥാ വ്യതിയാനം മുന്നിൽക്കണ്ട് മൂന്ന് വർഷത്തേക്ക് വരെ വെള്ളം ശേഖരിച്ചു വയ്ക്കാൻ പാർക്കിലെ ക്വാറികൾ അതേപോലെ നിലനിറുത്തും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് ജൈവ ഉദ്യാനം ഒരുക്കും

സന്ദർശകർക്ക് മൃഗങ്ങളെ വീക്ഷിക്കാനുള്ള പ്രത്യേക വ്യൂ പോയിന്റ്

പക്ഷികളെ കൂട്ടിലടയ്ക്കാതെ തുറന്നുവിടുന്ന സംവിധാനവും ഒരുക്കും