കൊടകര: ആറേശ്വരം മലയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ വാസുപുരം പള്ളിക്ക് സമീപം ജനവാസ കേന്ദ്രത്തിലെ ആൾമറയില്ലാത്ത കിണറിൽ വീണ പന്നിക്കൂട്ടത്തെ വന്യജീവി സംരക്ഷകൻ ഫിലിപ് കൊറ്റനെല്ലൂരിന്റെ നേതൃത്വത്തിൽ എത്തിയ വനപാലകർ രക്ഷിച്ചു. ചെരുപറമ്പിൽ ജോസിന്റെ വീട്ടുപറമ്പിലാണ് ചെറുതും വലുതുമായ 9 പന്നികൾ വീണത്. രാവിലെ പത്തോടെ ശബ്ദം കേട്ട് പറമ്പിലേക്കിറങ്ങിയ ജോസിന്റെ ഭാര്യ ബേബിയാണ് ഉപയോഗശൂന്യമായ കിണറിൽ അകപ്പെട്ട പന്നികളെ കണ്ടത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് 9 കാട്ടുപന്നികളേയും ജീവനോടെ രക്ഷിച്ചു. കൂട്ടത്തിലുണ്ടായ പെൺപന്നിക്ക് 150 കിലോയിലധികം തൂക്കമുണ്ട്. ആൺ പന്നിക്ക് 70 കിലോയും വരും. കുഞ്ഞുങ്ങളിൽ 4 പെണ്ണും 3 ആൺ പന്നികളുമായിരുന്നു. രാത്രിയിലും പകലും കാട്ടുപന്നികളെ പലയിടങ്ങളിലും കാണാറുണ്ടെങ്കിലും ആദ്യമായാണ് കിണറിൽ വീണത്. അപൂർവ കാഴ്ചകാണാനായി പ്രദേശത്തെ നിരവധിപേർ കിണറിനുചുറ്റും തിങ്ങിനിറഞ്ഞു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ രക്ഷിക്കാനായത്.
പ്രദേശത്ത് പന്നിശല്യം രൂക്ഷം
വാസുപുരം പ്രദേശത്തെ പറമ്പുകളിൽ കൂട്ടമായെത്തുന്ന പന്നികൾ ദുരിതമായി. കൃഷിയിറക്കി വിളവെടുപ്പിന് പാകമാകുമ്പോഴേക്കും കാർഷിക വിളകൾ നശിപ്പിക്കുകയാണ്. കൊള്ളി കർഷകരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. കൂടാതെ ചേമ്പ്, ചേന, ഇഞ്ചി, നെല്ല്, വാഴ തുടങ്ങിയ കൃഷികളും നശിപ്പിക്കുക പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപന്നികളെ എങ്ങനെ പ്രതിരോധിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് കർഷകർ.
ഇരുചക്രവാഹനത്തിൽ കാട്ടുപന്നി ഇടിച്ച് യുവാവിന് പരുക്കേറ്റു
കൊടകര: ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് ചികിത്സയിൽ. കൊടകര വെള്ളിക്കുളങ്ങര റോഡിൽ വാസപുരം ആറേശ്വരം അമ്പലം റോഡിന് സമീപത്താണ് ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചത്. കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി തേനാശേരി സജീവന്റെ മകൻ സൈനേഷ് (33)നാണ് തലയുടെ പിറകിലും കാലിനും പരുക്കേറ്റത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കോടാലിയിലെ ലൈറ്റ് ആൻഡ് സൗണ്ടിന്റെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയാണ്. ജോലിക്ക് പോകന്നതിനിടെയാണ് അപകടം. കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.