ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ തുലാമാസ വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർണം. ക്ഷേത്രം ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേസമയം ആയിരത്തിലധികം പേർക്ക് ബലികർമ്മങ്ങൾ നടത്താവുന്ന വിശാലമായ സൗകര്യമാണ് ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ളത്.

ബലി കർമ്മങ്ങൾക്കായി 27ന് രാത്രിയിൽ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണത്തിനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യും. 28ന് പുലർച്ചെ 3.30 മുതൽ എട്ട് വരെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി എം.കെ. ശിവാനന്ദൻ മുഖ്യ കാർമ്മികത്വം വഹിക്കുമെന്നും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് പ്രൊഫസർ സി.സി. വിജയൻ, സെക്രട്ടറി എം.കെ. വിജയൻ മാസ്റ്റർ എന്നിവർ അറിയിച്ചു.