അതിരപ്പിള്ളി: പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 108 ആംബുലൻസിന്റെ പ്രവർത്തനം ആരംഭിച്ചു. വെറ്റിലപ്പാറ പതിമൂന്നിൽ നടന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷയായി.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എം. ജോഷി, ജയ തമ്പി, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. റിജേഷ്, എം.എം. രതീഷ്, പി.എം. പുഷ്പാംഗദൻ, ടി.ഡി.ഒ ഇ.ആർ. സന്തോഷ്‌കുമാർ, ഉണ്ണിക്കൃഷ്ണൻ പാലപ്പെട്ടി, ഫ്രാൻസീസ് പുളിക്കൻ, മെഡിക്കൽ ഓഫീസർ ഡോ. ഷിജിൻ, സെക്രട്ടറി പി.ജി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
അതിരപ്പിള്ളി പഞ്ചായത്തിന് ലഭിച്ച 108 ആംബുലൻസ് തുമ്പൂർമുഴി മുതൽ അങ്ങകലെ തമിഴ്‌നാട് അതിർത്തിയായ മലക്കപ്പാറ വരെ നീണ്ടു കിടക്കുന്ന മലയോര മേഖലയ്ക്ക് ഏറെ ഗുണകരമാകും. ഫോൺവിളി എത്തിയാൽ നിമിഷങ്ങൾക്കകം എവിടെയും എത്തിപ്പെടുന്ന ആംബുലൻസ് ഇനി മുതൽ പഞ്ചായത്തിലെ കാടിന്റെ മക്കൾക്കാണ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക.

വാഹനം ലഭ്യമാകാൻ വൈകി ഇവർക്ക് ദുരിതം നേരിട്ട സംഭവം മുൻകാലങ്ങളിൽ നിരവധിയായിരുന്നു. ഇതോടൊപ്പം അപകടത്തിൽപ്പെടുന്ന വിനോദ സഞ്ചാരികൾക്കും ആംബുലൻസിന്റെ പ്രവർത്തനം പ്രയോജനപ്പെടും.