ചാലക്കുടി: ബൈക്ക് മോഷണക്കേസിൽ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതോടെ ഒന്നരവർഷം മുമ്പ് പിതാവിനെ തലയ്ക്കടിച്ചു കൊന്ന കേസും തെളിഞ്ഞു. കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിന്റെ മകൻ ബാലുവാണ് (19) അച്ഛൻ തന്റെ അടിയേറ്റാണ് മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തലോടെ പിതാവ് ബാബുവിന്റെ അപകട മരണം കൊലക്കേസായി. സംഭവം മറച്ചുവച്ച ബാലുവിന്റെ അമ്മയും കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ഡിവൈ.എസ്.പി സി.ആർ സന്തോഷ് അറിയിച്ചു. മരത്തിൽ നിന്നും വീണു പരിക്കേറ്റ ബാബു മാസങ്ങളോളം ചികിത്സയിലായെന്നും പിന്നീടുണ്ടായ അണുബാധയിൽ മരണം സംഭവിച്ചുവെന്നുമാണ് വീട്ടുകാർ, ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. അച്ഛനും അമ്മയും തമ്മിൽ നടന്ന വഴക്കിനിടയിൽ താൻ ഇടപെട്ടുവെന്നും നിയന്ത്രിക്കാൻ കഴിയാതായപ്പോൾ തലയ്ക്കടിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. തുടർന്നാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. അമ്മയുടെ നിർദ്ദേശപ്രകാരമാണ് വിവരം മറച്ചുവച്ചതെന്നും ബാലു മൊഴി നൽകി. പിതാവിന്റെ മരണ ശേഷം ഇയാളുടെ ഭാര്യ മറ്റൊരൊളെ വിവാഹം കഴിച്ചു താമസം മാറി. ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടുന്നതിനിടെ മൂന്നു ദിവസം മുമ്പാണ് ചാലക്കുടി പൊലീസ് ബാലുവിനെ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. മരിച്ചയാളുടെ സംസ്‌കാരം കഴിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോൾ പ്രസ്തുത കേസ് കൊലപാതക കുറ്റകൃത്യത്തിൽ ഉൾപ്പെടുത്തി അന്വേഷിക്കുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്.