ചേർപ്പ്: വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെയും സ്റ്റോപ്പുകളിൽ നിന്ന് വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നതിനെതിരെയും ചൊവൂരിൽ എ.ഐ.എസ്.എഫ് പ്രവർത്തകർ ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു.
തൃശൂർ- ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ബസുകളാണ് ഇത്തരം സമീപനവുമായി മുന്നോട്ട് പോവുന്നത്. ബസ് ജീവനക്കാരുടെ ഇത്തരം സമീപനങ്ങൾക്കെതിരെ എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി അംഗം മാധവ് മധു ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.
പ്രതിഷേധ സമരത്തിന് എ.ഐ.എസ്.എഫ് ചേർപ്പ് മണ്ഡലം സെക്രട്ടറി അക്ഷയ് ശങ്കർ, പ്രസിഡന്റ് അസ്ഹർ മജീദ്, ജോ. സെക്രട്ടറിമാരായ വിശാഖ്, ഹരികൃഷ്ണൻ,​ വൈസ് പ്രസിഡന്റ് നിഥുൻ മണ്ഡലം കമ്മിറ്റി അംഗം ജിഷ്ണു എന്നിവർ നേതൃത്വം നൽകി.