തൃശൂർ: വിദ്യാഭ്യാസത്തിലും ആരോഗ്യ രംഗത്തും ഏറെ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമാകുന്നത് പ്രവേശനപരീക്ഷാ സംബന്ധമായ പ്രശ്‌നങ്ങളാണെന്ന് വിദഗ്ദ്ധർ. കുട്ടികൾ പല കോഴ്‌സുകളും തെരഞ്ഞെടുക്കുന്നത് മാതാപിതാക്കളുടെ നിർബന്ധം കൊണ്ടാണ്. ഇത് സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ജീവനൊടുക്കാൻ വരെ പ്രേരകമാകുന്നുണ്ടെന്നാണ് മാനസിക രോഗവിദഗ്ധരുടെ അഭിപ്രായം. ജില്ലാ മാനസികാരോഗ്യകേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഗൈഡൻസ് ക്‌ളിനിക്കിൽ എത്തുന്ന വിദ്യാർത്ഥികളിലേറെയും പങ്കിടുന്നത് പ്രവേശനപരീക്ഷ ലഭിക്കാത്തതിനെ ചൊല്ലിയും ഇഷ്ടപ്പെട്ട കോഴ്‌സിന് ചേരാൻ പറ്റാത്തതിലുളള നിരാശയുമാണെന്ന് ക്‌ളിനിക്കിന്റെ നേതൃത്വം വഹിക്കുന്ന ഡോ. സുബ്രഹ്മണ്യൻ പറഞ്ഞു.
വിദ്യാർത്ഥികളിൽ ആത്മഹത്യയിലേക്കും മറ്റ് മാനസികപ്രശ്‌നങ്ങളിലേക്കും നയിക്കുന്ന കാരണങ്ങൾ മുതിർന്നവരിൽ നിന്ന് വ്യത്യസ്തമാണ്. സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗവും ഒരു കാരണമാണ്. അതുകൊണ്ടു തന്നെ സ്‌കൂൾ കേന്ദ്രീകരിച്ചുളള കൗൺസലിംഗ് ശക്തമാക്കിയിട്ടുണ്ട്. പരിശീലനം നേടിയ കൗൺസിലർമാരും അദ്ധ്യാപകരും വഴിയാണ് വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ ചൈൽഡ് ഗൈഡൻസ് ക്‌ളിനിക്കിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ മൂന്നോ നാലോ സ്‌കൂളുകൾക്ക് ഒരു കൗൺസിലറുണ്ട്. അവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ , സൗഹൃദ ക്ലബ്, സുരക്ഷാ ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങിയ നിരവധി പദ്ധതികളും ഇതിനായി തുടങ്ങിയിരുന്നു. പരിശീലനം നേടിയ ഡോക്ടർ, പൊലീസ് ഓഫീസർ, കൗൺസിലർ, ടീച്ചർ കോ ഓർഡിനേറ്റർ എന്നിവരെ സ്‌കൂളുകളിൽ കുട്ടികളുടെ ആരോഗ്യ, മാനസിക, പഠന, സാമൂഹിക മേഖലകളിലെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിയോഗിച്ചിട്ടുണ്ട്. കുട്ടികളിൽ മാനസികപിരിമുറുക്കം കൂടുമ്പോൾ കൂടുതൽ കാര്യക്ഷമമായി ഈ സംവിധാനം നടപ്പാക്കണമെന്നാണ് ആവശ്യം. നിരവധി കാരണങ്ങളാണ് മാനസിക പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുന്നത്. അതേസമയം, ബോധവത്കരണവും, ക്ലാസുകളും ഈ വിഷയത്തിൽ കുട്ടികളേക്കാൾ മാതാപിതാക്കൾക്ക് ആണ് നൽകേണ്ടതെന്ന ആവശ്യവും ശക്തമാണ്. അദ്ധ്യാപകർക്കും മന:ശാസ്ത്ര വിഷയത്തിൽ പരിശീലനം അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യാശ്രമങ്ങളുടെ കാരണങ്ങൾ

കൗമാരത്തിലും യൗവനാരംഭത്തിലും കൂടുന്ന അനുകരണശ്രമം
ആത്മഹത്യയെ ഉദാത്തവത്കരിക്കുന്ന ദൃശ്യങ്ങളും സിനിമകളും
സാമൂഹിക മാദ്ധ്യമങ്ങളിലെ ആത്മഹത്യാസംബന്ധിയായ വിവരങ്ങൾ
ഇന്റർനെറ്റിലെ ഗെയിമുകൾ, മൊബൈലിന്റെ അമിതോപയോഗം

'വിദ്യാർത്ഥികളിൽ അനാവശ്യമായി മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നതിൽ രക്ഷിതാക്കൾക്കും പങ്കുണ്ട്. മാതാപിതാക്കൾ സ്വപ്നം കണ്ട തരത്തിൽ പഠനത്തിൽ മികവ് പുലർത്താതെ വരുമ്പോൾ അവരെ മോശക്കാരനാക്കുന്നത് വിപരീതഫലം ചെയ്യും. ചെറിയ നേട്ടങ്ങളിലും സമ്മാനങ്ങളും മറ്റും നൽകി അവരെ പ്രോത്സാഹിപ്പിക്കണം. മറ്റ് വിദ്യാർത്ഥികളുമായി താരതമ്യം ചെയ്യരുത്. ''

ഡോ. പി.കെ സുകുമാരൻ, ഗ്രന്ഥകാരൻ, മാനസികരോഗവിദഗ്ദ്ധൻ.