കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രികളുടെ മികവ് വിലയിരുത്തലിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരിസര ശുചിത്വം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ജനസൗഹൃദ പ്രവർത്തനങ്ങൾ, പ്ലാൻ ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്തുള്ള കായകൽപ്പ അവാർഡ് നിർണ്ണയത്തിലാണ് ഒന്നാം സ്ഥാനത്തെത്തിയത്.
മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരള പുരസ്കാരത്തിൽ ഈ ആശുപത്രിക്ക് സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ വർഷത്തെ കായകൽപ്പ പുരസ്കാരവും താലൂക്കാശുപത്രിക്ക് ലഭിച്ചിരുന്നു.
നവം 11ന് തിരുവനന്തപുരത്ത് നടക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.ആർ ജൈത്രനും ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷും ചേർന്ന് അവാർഡ് ഏറ്റുവാങ്ങും.
പ്രവർത്തനം ഇങ്ങനെ
ദിനംപ്രതി ശരാശരി 1800 രോഗികൾ ഒ.പി വിഭാഗത്തിൽ
ഐ.പി വിഭാഗത്തിൽ 176 കിടക്കകൾ
ചികിത്സയിലുള്ളത് ഇരുന്നൂറിലേറെ രോഗികൾ
ദിവസം 18 പേർക്ക് സൗജന്യ ഡയാലിസിസ്
ഡയാലിസിസിന് ചെലവഴിക്കുന്നത് 17 ലക്ഷം രൂപ
സജ്ജീകരണങ്ങൾ ഇവ
കീമോ തെറാപ്പി, മാമോഗ്രാം, ആധുനിക സംവിധാനങ്ങളുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, ദന്തരോഗ ചികിത്സാ വിഭാഗം, കാൽമുട്ട് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള എല്ല് ചികിത്സാ വിഭാഗം, നേത്രചികിത്സ, പ്രസവം, ഇ.എൻ.ടി, ജനറൽ ചികിത്സ, ജീവിത ശൈലിരോഗ ചികിത്സകൾ.
വികസന വഴിയിൽ
12.30 കോടി ചെലവിൽ പണിയുന്ന കെട്ടിടം
10 കോടിയോളം ചെലവിൽ നിർമ്മിച്ച മാതൃ - ശിശു ചികിത്സാ കെട്ടിടം